കോഴിക്കോട്: മുക്കത്ത് സ്‍കൂള്‍ വിദ്യാര്‍ത്ഥിനിയായ ദളിത് പെൺകുട്ടി ആത്മഹത്യ  ചെയ്ത  സംഭവത്തില്‍ യുവാവിനെതിരെ കുട്ടിയുടെ അമ്മ പരാതി നല്‍കി. എസ്‍പിക്കും കളക്ടർക്കുമാണ് പരാതി നൽകിയത്. യുവാവിന്‍റെ മാനസീകപീഡനം കൊണ്ടാണ് കുട്ടി ആത്മഹത്യ ചെയ്‍തതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ വിശദമായി പൊലീസ് പരിശോധിക്കുകയാണ്. രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്കൂള്‍ വിട്ടു വന്ന ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്. 

പെൺകുട്ടി ആത്മഹത്യ ചെയ്തത് യുവാവിന്‍റെ മാനസിക പീഡനത്തെ തുടര്‍ന്നെന്നും പെണ്‍കുട്ടിയുടെ അനിയനെ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുവാവുമായി പെണ്‍കുട്ടിക്ക് ഉണ്ടായിരുന്ന ബന്ധമാണ് ആത്മഹത്യക്ക് കാരണമെന്ന് പെണ്‍കുട്ടിയുടെ സഹപാഠികളും വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്‍തതിന്‍റെ തലേന്ന് യുവാവുമായി പെണ്‍കുട്ടി പുറത്ത് പോയിരുന്നെന്നാണ് സഹപാഠികള്‍ പറയുന്നത്. അന്ന് പെണ്‍കുട്ടി യൂണിഫോമല്ലാതെ മറ്റൊരു വസ്ത്രം ബാഗിലെടുത്തിരുന്നു. കൂടാതെ യുവാവിന്‍റെ വീട്ടുകാര്‍ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതില്‍ പെണ്‍കുട്ടി മാനസിക പ്രയാസം നേരിട്ടിരുന്നതായും സഹപാഠികള്‍ പറഞ്ഞു. മതം മാറുന്നതിനെ കുറിച്ച് തങ്ങളോട് പറയാറുണ്ടായിരുന്നെന്നും ഇനി യുവാവുമായി ബന്ധത്തിനില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നതായും സഹപാഠികള്‍ വെളിപ്പെടുത്തുന്നു.