കണ്ണൂര്‍: എട്ടുമാസം മുൻപ് സ്കൂളിൽ പിടിച്ചുവച്ച മൊബൈൽ ഫോൺ ഇളയ മകന്റെ ഓൺലൈൻ പഠനത്തിനായെങ്കിലും തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയാണ് കണ്ണൂരിലെ ഒരു വീട്ടമ്മ. പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കന്ററി സ്കൂൾ പ്രധാന അധ്യാപകനാണ്, വിദ്യാർത്ഥി കലോത്സവ ദിവസം സ്കൂളിൽ കൊണ്ടുപോയ ഫോൺ പിടിച്ച് വച്ചത്. മക്കളുടെ ഓൺലൈൻ പഠനത്തിന് വേറെ വഴിയില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് പള്ളിക്കരയിലെ തയ്യൽ ജോലിക്കാരിയായ സമീറ. 

മൂന്ന് കുട്ടികളെ ഒറ്റയ്ക്ക് വളർത്തുന്ന സമീറയുടെ ആത്മവിശ്വാസം കൈയിലുള്ള തയ്യിൽ മെഷീനാണ്. കുഞ്ഞുങ്ങളെ പഠിപ്പിക്കലും വീട്ടുചെലവും മാസച്ചിട്ടിയും കഴിഞ്ഞ് മിച്ചം പിടിച്ച് 10,000 രൂപ കൊടുത്ത് വാങ്ങിയ ഒരു മൊബൈൽ ഫോൺ ആണ് സമീറയെ ഇപ്പോള്‍ ഏറ്റവും അലട്ടുന്നത്. എട്ടു മാസം മുൻപ് സ്കൂളിൽ യുവജനോത്സവം നടന്നപ്പോള്‍ കൂട്ടുകാരുടെ ഒപ്പനയുടെ ഫോട്ടോ എടുക്കാനായി ഷസ ഉമ്മയോട് ഫോണും വാങ്ങി സ്കൂളിലേക്ക് പോയി.

എന്നാല്‍, പ്രധാനധ്യാപകൻ ഫോൺ പിടിച്ചുവച്ചു. മിടുക്കിയായി പഠിക്കുന്ന ഷസയ്ക്ക് ഈ സംഭവത്തിന് ശേഷം സ്കൂളിൽ പോകാൻ തന്നെ വലിയ വിഷമമായി. എസ്എസ്എൽസി പരീക്ഷ എങ്ങനെയോ എഴുതിത്തീർക്കുകയായിരുന്നു. പത്താം ക്ലാസ് ഒക്കെയല്ലേ, കൂട്ടുകാരുമായി ഫോട്ടോ ഒക്കെ എടുക്കാമെന്ന് കരുതിയാണ് ഫോണ്‍ കൊണ്ട് പോയതെന്ന് ഷസ പറയുന്നു. 

പരാതിയുമായി സമീറ പഴയങ്ങാടി സിഐ രാജേഷിനടുത്തും പോയി. പൊലീസും വളരെ മോശമായിട്ടാണ് തന്നോടും മകളോടും പെരുമാറിയതെന്ന് സമീറ പറഞ്ഞു. എന്താണ് ഫോൺ നൽകാത്തത് എന്ന് അന്വേഷിക്കാൻ അധ്യാപകൻ സുബൈറിനെ ഏഷ്യാനെറ്റ് ന്യൂസ് ബന്ധപ്പെട്ടു. എന്നാല്‍, ഔദ്യോഗിക കാര്യം ആയതിനാല്‍ തിങ്കളാഴ്ചയെ സംസാരിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഫോണില്‍ പറയാന്‍ പറ്റിലെന്നുമാണ് പ്രധാനാധ്യാപകന്‍ പറഞ്ഞത്.