കണ്ണൂരിൽ ഐസ്ക്രീമിൽ മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഇളയ മകൾ മരിച്ചു. രണ്ടര വയസുകാരി അൻസീലയാണ് മരിച്ചത്. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യ എന്നാണ് പൊലീസ്  നിഗമനം. 

ഓഗസ്റ്റ് 27ന് രാത്രിയാണ് പയ്യാവൂർ സ്വദേശി സ്വപ്ന പെണ്‍മക്കളായ അൻസീനക്കും, അൻസീലക്കും ഐസ്ക്രീമിൽ എലിവിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ചത്. പിറ്റേന്ന് ഇളയ മകൾ അൻസീലയെ അബോധാവസ്ഥയിൽ കണ്ടതോടെ അമ്മ സ്വപ്ന തന്നെയാണ് നാട്ടുകാരെയും , പൊലീസിനെയും വിവരംഅറിയിച്ച് ആശുപത്രിയിലേക്ക് പോയത്. 

ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും, ഇളയ കുട്ടിയുടെ വൃക്കയുടെ പ്രവർത്തനം മോശമായതോടെ കോഴിക്കോട്ടേക്ക് മാറ്റി. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. അമ്മയും മൂത്ത മകളും കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പയ്യാവൂർ ടൗണിൽ തുണിക്കട നടത്തുകയാണ് സ്വപ്ന. 

ഇവരുടെ ഭർത്താവ് വിദേശത്താണ്. നേരത്തെ  ഇവ‍ർ ലോണെടുത്ത് വീടും സ്ഥലവും വാങ്ങിയിരുന്നു. ലക്ഷങ്ങളുടെ ചിട്ടിക്കും സ്വപ്ന ചേർന്നിരുന്നു. കച്ചവടം മോശമായതോടെ അടവ് മുടങ്ങി. ഇതാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.