കാസർകോട്: ബദിയടുക്കയിലെ ഒന്നര വയസുകാരൻ സ്വാതിക്കിന്റെ മരണത്തിൽ അമ്മ അറസ്റ്റിൽ. പെർളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടർന്ന് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. 

കഴിഞ്ഞ മാസം നാലിനാണ് സ്വാതിക്കിനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം കുട്ടി കിണറ്റിൽ വീണതാകാമെന്നായിരുന്നു കരുതിയത്. എന്നാൽ പിന്നീട് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിലാണ് കുഞ്ഞിനെ ആരെങ്കിലും കിണറ്റിൽ എറിഞ്ഞതാകാമെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് അമ്മ സമ്മതിച്ചു. ശരാദയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.