വെള്ളിയാഴ്ച 7.41 ന് കോഴിക്കോട് കരിപ്പൂർ നടന്ന വിമാനാപകടത്തിൽ പൈലറ്റ് ഡി വി സാഠേയും കോ പൈലറ്റും കൊല്ലപ്പെട്ടിരുന്നു. ഇവരുൾപ്പെടെ 18 പേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടു


ദില്ലി: മകനെക്കുറിച്ച് അഭിമാനം നിറയുന്ന വാക്കുകളുമായി ക്യാപ്റ്റൻ ഡിവി സാഠേയുടെ മാതാവ് നീലാ സാഠേ. 'മഹത്വമുള്ള മകനായിരുന്നു അവൻ. മറ്റുള്ളവർക്ക് അവശ്യനേരത്ത് സഹായമെത്തിക്കാൻ എപ്പോഴും ഒന്നാമനായിരുന്നു. അവന്റെ അധ്യാപകർ ഇപ്പോഴും അവനെ അഭിനന്ദിക്കുകയാണ്.' നീലാ സാഠേയുടെ വാക്കുകൾ എഎൻഐ ട്വീറ്റിൽ കുറിച്ചിരിക്കുന്നു. വെള്ളിയാഴ്ച 7.41 ന് കോഴിക്കോട് കരിപ്പൂർ നടന്ന വിമാനാപകടത്തിൽ പൈലറ്റ് ഡി വി സാഠേയും കോ പൈലറ്റും കൊല്ലപ്പെട്ടിരുന്നു. ഇവരുൾപ്പെടെ 18 പേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടു. 

Scroll to load tweet…

എയർ ഇന്ത്യയിലെത്തും മുമ്പ്, വ്യോമസേനയിലെ വിദഗ്‍ധ വൈമാനികരിലൊരാളായിരുന്നു ക്യാപ്റ്റൻ ഡി വി സാഠെ. മുപ്പത് വർഷത്തോളം ഫ്ലൈയിംഗ് എക്സ്പീരിയൻസുള്ളയാൾ. പരമാവധി ജീവനുകൾ രക്ഷിക്കാൻ ശ്രമിച്ചതിന് ശേഷമാണ് ക്യാപ്റ്റൻ സാഥേ ജീവൻ വെടിഞ്ഞത്. നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന ക്യാപ്റ്റൻ സാഥേ ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാഡമിയില്‍ നിന്ന് 1981 പുറത്തിറങ്ങിയത് സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതി സ്വന്തമാക്കിയാണ്. ദീര്‍ഘകാലം വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തി. 22 വര്‍ഷത്തിന് ശേഷം സ്വയം വിരമിക്കുമ്പോൾ സ്ക്വാഡ്രണ്‍ ലീഡറായിരുന്നു.

എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുമ്പ് ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ എക്സിപെരിമെന്‍റൽ ടെസ്റ്റ് പൈലറ്റായിരുന്നു അദ്ദേഹം. എയര്‍ ഇന്ത്യയില്‍ എയര്‍ബസ് 310 പറത്തിയതിന് ശേഷമാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ബോയിങ് 737-ന്‍റെ പൈലറ്റായത്. ബഹുമിടുക്കനായ വൈമാനികനായാണ് സാഥേ അറിയപ്പെട്ടിരുന്നത്.