പൂജപ്പുര: തിരുവനന്തപുരം തിരുമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയേയും പ്രതിചേര്‍ത്തു. മകളെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് അമ്മയെ രണ്ടാം പ്രതിയാക്കിയത്. പെണ്‍കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പിതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. അഞ്ച് വയസ്സ് മുതൽ എട്ട് വയസുവരെ പിതൃസഹോദരന്‍ തന്നെ പീഡിപ്പിച്ചുവെന്നും ഇത് അമ്മയോട് പറഞ്ഞിട്ട് ഒന്നും ചെയ്‍തില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. 

പെൺകുട്ടി മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിലാണ് വീട്ടിൽ വെച്ച് അഞ്ചുവർഷം മുമ്പ് പിതൃസഹോദരന്‍ പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ദില്ലി സ്വദേശിയായ ഇവർ  15 വർഷമായി തലസ്ഥാനത്താണ് താമസം. ഒളിവിലായിരുന്ന പിതൃസഹോദരനെ ഉച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബത്തോടൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. പോക്സോ നിയമ പ്രകാരവും ആത്മഹത്യാ പ്രേരണയ്ക്കും പൊലീസ് കേസെടുത്തു.  മാനസികമായി തകർന്ന കുട്ടി മറ്റുള്ളവരുമായി സംസാരിക്കുകയോ ഇടപെടുകയോ ചെയ്തിരുന്നില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.