നഗരസഭയില്‍ ആകെ 52 അംഗങ്ങളാണ് ഉള്ളത്. അതില്‍ യുഡ‍ിഎഫ് 22, എല്‍ഡിഎഫ് 22, ബിജെപി എട്ട് എന്നിങ്ങനെയാണ് കണക്കുകള്‍. അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടത് 27 പേരുടെ പിന്തുണയാണ്. അതായത് ബിജെപി പിന്തുണയില്ലാതെ അവിശ്വാസം പാസാകില്ലെന്നുറപ്പ്

കോട്ടയം: ഈരാറ്റുപ്പേട്ടയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും അവിശ്വാസ പ്രമേയവുമായി എൽഡിഎഫ് രംഗത്ത്. ഭരണ സ്തംഭനം ആരോപിച്ചുള്ള അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്കെടുക്കും. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമുള്ള നഗരസഭയിൽ എട്ട് പേരുള്ള ബിജെപി നിലപാടാണ് നിർണായകമാകുക. ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫ് അവിശ്വാസം പാസാകുന്നതിൽ നിർണായകമായത് അഞ്ച് അംഗങ്ങളുള്ള എസ്‍ഡിപിഐ പിന്തുണയാണ്.

സംസ്ഥാനതലത്തിൽ തന്നെ സിപിഎം കൂട്ടുക്കെട്ടാരോപണത്തിന് മറുപടി പറയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യം കൊണ്ട് മാത്രം യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലും അവിശ്വാസ പ്രമേയയവുമായി എല്‍ഡിഎഫ് രംഗത്ത് വരുന്നത്. നിർണായകമാകുക ബിജെപി നിലപാടാണെന്നുള്ളത് കോട്ടയത്തെ അവിശ്വാസത്തിന് സംസ്ഥാന ശ്രദ്ധ നല്‍കുന്നുണ്ട്. നഗരസഭയില്‍ ആകെ 52 അംഗങ്ങളാണ് ഉള്ളത്. അതില്‍ യുഡ‍ിഎഫ് 22, എല്‍ഡിഎഫ് 22, ബിജെപി എട്ട് എന്നിങ്ങനെയാണ് കണക്കുകള്‍.

അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടത് 27 പേരുടെ പിന്തുണയാണ്. അതായത് ബിജെപി പിന്തുണയില്ലാതെ അവിശ്വാസം പാസാകില്ലെന്നുറപ്പ്. അല്ലെങ്കിൽ യുഡിഎഫിൽ നിന്ന് അഞ്ച് പേർ മറുകണ്ടം ചാടണം. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തങ്ങൾക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

ഇരാറ്റുപേട്ടയിലെ എസ്‍ഡിപിഐ പിന്തുണയിൽ സിപിഎമ്മിനെതിരെ വലിയ വിമർശനം ബിജെപി ഉന്നയിച്ചിരുന്നു. കോൺഗ്രസ് വിമതയായി ജയിച്ച് പിന്നീട് യുഡിഎഫ് ചേരിയിലെത്തി നറുക്കെടുപ്പിലൂടെയാണ് ബിൻസി ചെയർപേഴ്സണായത്. പ്രമേയ വോട്ടെടുപ്പിൽ ബിജെപി വിട്ടുനിന്നാൽ വീണ്ടും നറുക്കെടുപ്പിന്‍റെ ഭാഗ്യപരീക്ഷണത്തിന് വേദിയാകും കോട്ടയം നഗരസഭ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona