മലപ്പുറം: ഡ്രൈവിംഗ് സ്കൂളുകാരുടെ മദ്യസത്ക്കാരത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത് വിവാദമാകുന്നു. മദ്യസത്ക്കാരത്തിൽ ആഘോഷപൂര്‍വ്വം പങ്കെടുത്ത് ഉദ്യോഗസ്ഥര്‍ കുടിക്കുന്നതിന്‍റെയടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മലപ്പുറം തിരൂരങ്ങാടി ആർ ടി ഓഫീസിലെ എം വി ഐ അടക്കമുള്ള ഉദ്യോഗസ്ഥരാണ് മദ്യസത്ക്കാരത്തിൽ പങ്കെടുത്തത്.

ജനുവരി എട്ടാം തിയ്യതിയായിരുന്നു സംഭവം. പൗരത്വ ഭേദഗതിക്കെതിരായ ദേശീയ പണിമുടക്കിനിടെയായിരുന്നു മദ്യസത്ക്കാരവും മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ ആഘോഷവും. മദ്യസത്ക്കാരത്തിന് എല്ലാവരേയും ക്ഷണിക്കുന്നത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുനിൽ ബാബുവാണ്. ഇതിന്‍റെ വാട്സ്ആപ്പ് ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.

ഡ്രൈവിംഗ് സ്കൂളുകാരുടെ യോഗമായിരുന്നുവെന്നും ട്രാഫിക് ബോധവത്ക്കരണത്തിനു മാത്രമാണ് പോയതെന്നുമാണ് ജോയിന്‍റ് ആർ ടി ഒ സാജു എ ബക്കര്‍ നല്‍കുന്ന വിശദീകരണം. അതിനു ശേഷമുള്ള മദ്യസത്ക്കാരത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തോയെന്ന് അന്വേഷിക്കുമെന്നും ജോയിന്‍റ് ആർ ടി ഒ പ്രതികരിച്ചു.

വീഡിയോ സ്റ്റോറി കാണാം

"