തിരുവനന്തപുരം: മോട്ടോർ വാഹന പിഴത്തുക കുറച്ച കേരത്തിന്റെ നടപടി കേന്ദ്രസര്‍ക്കാര്‍ ശരിവെച്ചു. നടപടി അംഗീകരിച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേരളത്തിന് മറുപടി കത്തു നൽകി.

ഒരു സംസ്ഥാനം മാത്രം പിഴ കുറച്ചത് അംഗീകരിക്കില്ല എന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാനത്തിന്റെ പ്രയാസം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിക്കു കത്തയച്ചത്. 

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവു വരുത്തുകയായിരുന്നു. എന്നാല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് വരുത്താന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. 

പുതുക്കിയ മോട്ടോർവാഹനനിയമത്തിൽ നിർദേശിക്കുന്ന പിഴയെക്കാൾ കുറഞ്ഞ തുക ഈടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്.  നിയമം നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾക്കുമേൽ സമ്മർദം ചെലുത്താൻ സാധിക്കുമെന്ന മുന്നറിയിപ്പും അറ്റോർണി ജനറൽ കെ കെ വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ ഇടക്കാലത്ത് വാഹന പരിശോധന തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്‍തിരുന്നു. പിന്നീട് മോട്ടോർ വാഹന പിഴയിലെ ഭേദഗതിക്ക്‌ മന്ത്രിസഭ അംഗീകാരം നൽകി. 

സീറ്റ്‌ ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിന്‌ ഈടാക്കുന്ന പിഴത്തുക പകുതിയാക്കി കുറച്ചു. ആയിരത്തിൽ നിന്ന് 500 രൂപയാക്കിയാണ് പിഴ കുറച്ചത്. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവർത്തിച്ചാൽ 3000 രൂപയും പിഴ ഇടാക്കാനായിരുന്നു തീരുമാനം. അതുപോലെ വാഹനത്തില്‍ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കിയാണ് കുറച്ചത്.  അതേസമയം, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെയുള്ള ഫോൺ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്ക്‌ പിഴ കുറച്ചിട്ടില്ല. 

Read Also: റോഡിലെ പിഴ കുറയ്ക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം, കുറയ്‍ക്കുമെന്ന് കേരളം 

*Representational Image