നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി നാളെ അവസാനിപ്പിക്കാൻ നീക്കം. പ്രതിപക്ഷ പ്രതിഷേധത്തിൽ സഭാ തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരിഗണിക്കുന്നത്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ അവസാനിപ്പിക്കാൻ നീക്കം. പ്രതിപക്ഷ പ്രതിഷേധത്തിൽ തുടര്‍ച്ചയായി നിയമസഭാ സമ്മേളനം സ്തംഭിക്കുന്ന സാഹചര്യത്തിലാണ സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ചുള്ള കാര്യം പരിഗണിക്കുന്നത്. മറ്റന്നാള്‍ വരെയാണ് സഭാ സമ്മേളനം നടക്കേണ്ടത്. എന്നാൽ, ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് ഒരു ദിവസം നേരത്തെ സമ്മേളനം അവസാനിപ്പിക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് നാളെ രാവിലെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ മൂന്നു ദിവസമായി നിയമസഭാ സമ്മേളനം സ്തംഭിച്ചിരുന്നു.

സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. മൂന്നാമത്തെ ദിവസമാണ് ഞങ്ങൾ നിയമസസഭയില്‍ സമരം നടത്തുന്നതെന്നും ഇത്രദിവസം മുഖ്യമന്ത്രി എവിടെയായിരുന്നുവെന്നുമാണ് വിഡി സതീശൻ ചോദിച്ചത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയേണ്ടേ? അത് പറഞ്ഞോ? ഈ വിഷയത്തില്‍ ഇനി ഒരു ചര്‍ച്ച വേണ്ടെന്നും നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. ദ്വാരപാലക ശില്‍പം മാത്രമല്ല, കട്ടിളപ്പാളിയും വാതിലും അടക്കം അടിച്ചു കൊണ്ടുപോയിരിക്കുകയാണ്. രണ്ടാമത് ഈ സര്‍ക്കാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ച് വരുത്തിയിരിക്കുകയാണ്. വീണ്ടും കക്കാന്‍ വേണ്ടിയാണ്. ഇത്തവണ അയ്യപ്പ വിഗ്രഹം കൂടി കൊണ്ടുപോകാനായിരുന്നു പ്ലാന്‍ എന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാളെയും പ്രതിപക്ഷ പ്രതിഷേധത്തിൽ സഭാ നടപടികള്‍ സ്തംഭിച്ചേക്കും.