ഹെൽമെറ്റില്ലാതെ സഞ്ചരിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴക്ക് നോട്ടീസ് നൽകിയത് മറച്ച് വെക്കാനാണ് സമ്മർദ്ദം. സിപിഎം സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്തതിനാൽ പേട്ട എസ്ഐയുമായി പാർട്ടി നേരത്തെ തർക്കത്തിലായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിലെ സിപിഎം സംഘർഷത്തിൽ പാർട്ടിക്കാരെ സംരക്ഷിച്ച് അന്വേഷണ റിപ്പോർട്ട് നൽകാൻ നീക്കം. ഹെൽമെറ്റില്ലാതെ സഞ്ചരിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴക്ക് നോട്ടീസ് നൽകിയത് മറച്ച് വെക്കാനാണ് സമ്മർദ്ദം. സിപിഎം സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്തതിനാൽ പേട്ട എസ്ഐയുമായി പാർട്ടി നേരത്തെ തർക്കത്തിലായിരുന്നു. സ്റ്റേഷനിലെ പ്രതിഷേധം പൊലീസുകാർ അസഭ്യം പറഞ്ഞതിനാണെന്ന വാദമാണ് സിപിഎം ജില്ലാ സെക്രട്ടറി ഉന്നയിക്കുന്നത്.
ഡിവൈഎഫ്ഐ നേതാവ് നിധീഷിന് ഹെൽമറ്റില്ലാതെ സഞ്ചരിച്ചതിന് പിഴക്ക് നോട്ടീസ് നൽകിയ എസ്ഐ അഭിലാഷ് അടക്കമുള്ള പൊലീസുകാർക്കെതിരെ പ്രതിഷേധിക്കാനായിരുന്നു പാർട്ടിക്കാർ സ്റ്റേഷനിൽ സംഘടിച്ചത്. കൃത്യമായി ജോലി ചെയ്ത പൊലീസുകാരെ പാർട്ടിക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് സ്റ്റേഷനിൽ നിന്നും മാറ്റിനിർത്തിയത് വിവാദമായിരുന്നു. സ്റ്റേഷനിലെ അതിക്രമിച്ചുകയറലടക്കം ഉണ്ടായിട്ടും വിവാദത്തെ തിരിച്ചുവിടാനാണ് നീക്കം. പൊലീസുകാർ ഡിവൈഎഫ്ഐ നേതാവിനെ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന പാർട്ടിക്കാരുടെ വാദം അംഗീകരിക്കുന്ന വിധം റിപ്പോർട്ട് നൽകാനാണ് ഉന്നതങ്ങളിലെ സമ്മർദ്ദം. സംഭവത്തെ കുറിച്ച് നർക്കോട്ടിക് സെൽ എസിയാണ് അന്വേഷണം നടത്തുന്നത്. പൊലീസുകാരെ തള്ളി പാർട്ടിക്കാരെ രക്ഷിക്കാനാണ് ശ്രമം. സ്റ്റേഷനിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ജില്ലാ സെക്രട്ടറിയും പൂർണ്ണമായും കുറ്റപ്പെടുത്തുന്നത് പൊലീസിനെയാണ്.
Also Read: അപമാനം ഈ ക്രൂരത! ഫീസ് അടയ്ക്കാൻ വൈകിയതിന് 7-ാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു
പാർട്ടി പ്രതിഷേധത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നാണ് സേനയിലെ ആക്ഷേപം. പാർട്ടിക്കാരുടെ സമ്മർദ്ദങ്ങൾക്ക് എസ്ഐ അഭിലാഷിനെ കുടുക്കാനാണ് നീക്കമെന്നാണ് പരാതി. ആഴ്ചകൾക്ക് മുമ്പ് ഒരു പ്രാദേശിക സിപിഎം നേതാവിൻറെ മകനെ ആയുധവുമായി പേട്ടയിൽ വെച്ച് പൊലീസ് പിടിച്ചിരുന്നു. ഇയാളെ വിട്ടയക്കണമെന്ന പാർട്ടിക്കാരുടെ ആവശ്യത്തിന് എസ്ഐ തയ്യാറാകാത്തത് മുതൽ പാർട്ടിയുടെ നോട്ടപ്പുള്ളിയാണ് അഭിലാഷ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
