വയനാട്: സഞ്ചരിക്കുന്ന കൊവിഡ് പരിശോധനാ സംവിധാനവുമായി വയനാട് മാനന്തവാടി സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകർ. വിസ്ക് ഓൺ വീല്‍സ് എന്നുപേരിട്ട സംവിധാനമുപയോഗിച്ച് എവിടെ നിന്നും സുരക്ഷിതമായി കൊവിഡ് പരിശോധന നടത്താം.

നൂതന സംവിധാനങ്ങളുപയോഗിച്ച് കൊവിഡ് പരിശോധനയ്ക്കായി ആളുകളുടെ ശരീരസ്രവം ശേഖരിക്കുന്ന സംവിധാനമാണ് കൊവിഡ് വിസ്കുകൾ. വിസ്കുകൾ സജ്ജീകരിച്ചിടത്തേക്ക് രോഗികൾ വന്ന് പരിശോധിക്കാറാണ് പതിവ്. എന്നാല്‍ ഇവർ വികസിപ്പിച്ച വിസ്ക് ഓൺ വീല്‍സ് രോഗികളുള്ളയിടത്തേക്ക് പോകും. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുരക്ഷിതമായി സ്രവ സാമ്പിൾ ശേഖരിക്കാം. കൂടുതല്‍ പേരുടെ സ്രവം ഒരിടത്തുനിന്ന് ശേഖരിക്കുന്നത് വഴി ചിലവും കുറവ്. സമയവും ലാഭം.

മാനന്തവാടി സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. അനിതയുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും ചേർന്നാണ് വിസ്ക് ഓൺ വീൽസ് വികസിപ്പിച്ചത്. പ്രവാസികളടക്കം വന്‍തോതില്‍ കേരളത്തിലേക്കെത്തുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വിസ്ക് ഓൺവീല്‍സ് കാര്യക്ഷമമായി ഉപയോഗിക്കാമെന്നും ഇവർ പറയുന്നു.