Asianet News MalayalamAsianet News Malayalam

'ഞാനിനി കാസര്‍ക്കോടിന്‍റെ ദാസന്‍, മരിക്കുന്നതുവരെ നിങ്ങളെ മറക്കില്ല'; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസർക്കോട്ടെ ജനങ്ങളാണ് തന്റെ യജമാനന്മാരെന്നും താൻ അവരുടെ ദാസൻ മാത്രമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

mp rajmohan unnithan thanks to kasaragod people for facebook live
Author
Kasaragod, First Published Jun 20, 2019, 11:50 AM IST

കാസർക്കോട്: തന്നെ ജയിപ്പിച്ച് പാർലമെന്റിലേക്കയച്ച കാസർക്കോട്ടെ ജനങ്ങൾക്ക് നന്ദി അറിയിച്ച് കോൺ​ഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താന്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ജനങ്ങൾക്ക് നന്ദി അറിയിച്ചത്. കാസർക്കോട്ടുകാരാണ് തന്നെ വിജയിപ്പിച്ചത്. അവരുടെ മനസിലുള്ള കാര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് തന്റെ ദൗത്യം. അത്തരത്തിലുള്ള സമീപനമാകും തന്റെ ഭാ​ഗത്തുനിന്നും ഉണ്ടാകുകയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കോൺ​ഗ്രസ് പാർട്ടിയുടെ ടിക്കറ്റിലാണ് മത്സരിച്ചത്, പിന്തുണച്ചത് ഒരു മുന്നണിയും. എങ്കിലും രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവർക്കും വേണ്ടി താൻ പ്രവർത്തിക്കും. കാസർക്കോട്ടെ ജനങ്ങളാണ് തന്റെ യജമാനന്മാരെന്നും താൻ അവരുടെ ദാസൻ മാത്രമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

തിരുവനന്തപുരത്തും കൊല്ലത്തുമാണ് താമസിക്കുന്നത്. എന്നാൽ ഇനി എന്തെങ്കിലും പരിപാടികളിൽ പങ്കെടുക്കാൻ മാത്രമേ അങ്ങോട്ടേയ്ക്ക് പോകുകയുള്ളൂ.  ഇനി മുതൽ കാസർക്കോട്ട് സ്ഥിര താമസമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹയമഭ്യർത്ഥിച്ച് തന്നെ സമീപിക്കുന്നവർക്കാവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കും. കാസർക്കോട്ടുകാരുടെ സുഖത്തിലും ദുഃഖത്തിലും ക‌ഴിയുന്ന രീതിയിൽ പങ്കെടുക്കുമെന്നും ഉണ്ണിത്താൻ ഉറപ്പു നൽകി. 

കാഞ്ഞങ്ങാട് കാണിയൂർ തീവണ്ടി പാത വിഷയം കേരളാ സർക്കാരും കർണാടക സർക്കാരും സംയുക്തമായി സമ്മതപത്രം കൊടുക്കേണ്ട കാര്യമാണ്. കേന്ദ്രം അതിന്റെ പകുതി ചെലവ് വഹിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കേരളം പകുതി ചെലവ് വഹിക്കണമെന്ന് മാത്രമല്ല കർണാടക സർക്കാരുമായി സംസാരിച്ച് ഒരു ധാരണ ഉണ്ടാക്കി അവരെ കൊണ്ട് ഒരു സമ്മതപത്രമുണ്ടാക്കി കേന്ദ്രസർക്കാരിന് നൽകണം. എങ്കിൽ മാത്രമേ അത് സാധ്യമാകുകയുള്ളു. അതിന് വേണ്ടി പരാമാവതി ശ്രമിക്കുന്നതാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞതിനു ശേഷം നാളെ രാജ്മോഹന്‍ ഉണ്ണിത്താന്‍ കേരളത്തിലെത്തും. തുടർന്ന് വോട്ടർമാരെ കണ്ട് സ്വീകരണങ്ങൾ‌ ഏറ്റുവാങ്ങുകയും ചെയ്യും. കരുവല്ലൂരിൽ നിന്നുമാണ് സ്വീകരണ പരിപാടികൾ ആരംഭിക്കുന്നത്.

Follow Us:
Download App:
  • android
  • ios