Asianet News Malayalam

ആ ഒരൊറ്റ ചോദ്യം; 15കാരനിൽ നിന്ന് പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ സപര്യക്ക് അങ്ങനെ തുടക്കമായി!

എന്താകാനാണ് ആഗ്രഹമെന്ന് ജെപി ചോദിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വം വേണമെന്നായിരുന്നു മറുപടി.  കുട്ടിയല്ലേ എന്ന് ജെപിയുടെ പ്രതികരണം.

mp veerendrakumar political profile
Author
Calicut, First Published May 29, 2020, 12:46 AM IST
  • Facebook
  • Twitter
  • Whatsapp

'1951ൽ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണൻ കോഴിക്കോട് സന്ദർശിച്ച സമയം.  അച്ഛനൊപ്പം തന്റെ അരികിലെത്തിയ 15കാരനോട് എന്താകാനാണ് ആഗ്രഹമെന്ന് ജെപി ചോദിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വം വേണമെന്നായിരുന്നു മറുപടി.  കുട്ടിയല്ലേ എന്ന് ജെപിയുടെ പ്രതികരണം. അവൻ വളർന്നോളും എന്ന് സോഷ്യലിസ്റ്റ് നേതാവു കൂടിയായ അച്ഛൻ.'

അങ്ങനെയാണ് എം പി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണനിൽ നിന്ന് നേരിട്ട് പാർട്ടി അംഗത്വം സ്വീകരിച്ചെങ്കിലും പിൽക്കാലത്ത് രാം മനോഹർ ലോഹ്യയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ​ഗുരു. 1936 ജൂലൈ 22ന് മദ്രാസ് നിയമസഭയിലെ സോഷ്യലിസ്റ്റ് എംഎൽഎ ആയിരുന്ന എംകെ പത്മപ്രഭ ഗൗഡറുടെയും മരുദേവി അമ്മയുടെയും മകനായി കൽപ്പറ്റയിലാണ് വീരേന്ദ്രകുമാറിന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസം കൽപ്പറ്റയിൽ തന്നെ പൂർത്തിയാക്കി. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്ന് ഇന്‍റർമീഡിയറ്റ് പാസ്സായി. മദ്രാസ് ലോ കോളേജിൽ ഒരു വർഷം പഠിച്ചതിന് ശേഷം ഫിലോസഫിയിൽ ബിരുദ പഠനത്തിന് മദ്രാസ് വിവേകാനന്ദ കോളേജിൽ ചേർന്നു. അവിടെ നിന്ന് ഫിലോസഫിയിൽ ബിരുദവും മാസ്റ്റർ ബിരുദവും നേടിയതിന് ശേഷം അമേരിക്കയിലെ ഒഹായോവിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എംബിഎ പാസ്സായി. ഉപരി പഠനത്തിന് അമേരിക്കയിലേക്ക് പോകുന്നതു വരെ അദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു. 

അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം 1968ലാണ് രാംമനോഹർ ലോഹ്യയുടെ ആശയങ്ങളിൽ ആകൃഷ്ടനായി സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നത്. 1970ൽ പാർട്ടിയുടെ അഖിലേന്ത്യ ട്രഷറർ ആയി. 1974ൽ പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 
1975ൽ കേരളത്തിൽ പ്രതിപക്ഷ ഐക്യമുന്നണിയുടെ കൺവീനർ ആയി. അടിയന്തിരാവസ്ഥക്കാലത്ത് ഒളിവിൽ പോയെങ്കിലും 9 മാസത്തിന് ശേഷം മൈസൂരിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷയനുഭവിച്ചു

1977ൽ ജനത പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തി. 1983ൽ ജനത പാർട്ടി സംസ്ഥാന ഉപാധ്യക്ഷനായി. 1987ൽ കൽപറ്റ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി.  നായനാർ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായി 48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു. മന്ത്രിയായ ശേഷമുള്ള ആദ്യ ഉത്തരവ് വനത്തിൽ നിന്ന് മരം മുറിക്കുന്നത് നിരോധിച്ചുള്ളതായിരുന്നു. ഉത്തരവ് പിൻവലിക്കാൻ സമ്മർദ്ദം ഉണ്ടായതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ചു. 1991 വരെ നിയമസഭാംഗമായി തുടർന്നു.

1991ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ സിറ്റിങ് എംപിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ കെ മുരളീധരനെ 38,703 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് ആദ്യമായി ലോക്സഭാംഗമായി. 1993ൽ ജനതാദൾ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1996ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് രണ്ടാമതും വിജയിച്ചു. 1997 ഫെബ്രുവരി 21 മുതൽ 1997 ജൂൺ 9 വരെ ദേവഗൗഡ മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായി. 1997 ജൂൺ 10 മുതൽ 1998 മാർച്ച് 19 വരെ ഐ കെ ഗുജ്റാൾ മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയോടെ തൊഴിൽ സഹമന്ത്രിയായി. നഗരവികസന മന്ത്രാലയത്തിന്‍റെ അധിക ചുമതല കൂടി അദ്ദേഹത്തിന് ലഭിച്ചു. 

2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നാമതും കോഴിക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2009ലെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ കോഴിക്കോട് സീറ്റ് ഇടതു മുന്നണി നിഷേധിച്ചതിനെത്തുടർന്ന് മുന്നണി ബന്ധം ഉപേക്ഷിച്ചു. തുടർന്ന് യുഡിഎഫിൽ ചേർന്നെങ്കിലും 2009ൽ മൽസരിച്ചില്ല. 2014ൽ പാലക്കാട് മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് ഇടതുമുന്നണി സ്ഥാനാർത്ഥി എംബി രാജേഷിനോട് പരാജയപ്പെട്ടതിന് ശേഷം കോൺഗ്രസുമായുള്ള ബന്ധത്തിൽ വിള്ളൽ വീണു. പിന്നീട്, 2017 ഡിസംബർ 20ന് രാജ്യസഭാംഗത്വം രാജിവെച്ചു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജനതാദൾ യുണൈറ്റഡുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടർന്നായിരുന്നു രാജി. നിതീഷ്കുമാറിന്‍റെ നേതൃത്വത്തിൽ ജെഡിയു എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ചായിരുന്നു ബന്ധം ഉപേക്ഷിച്ചത്. പിന്നാലെ  യുഡിഎഫുമായുള്ള മുന്നണി ബന്ധവും ഉപേക്ഷിച്ചു. 

തുടർന്ന് ലോക് താന്ത്രിക് ജനതാദൾ രൂപീകരിച്ചു. 2018 മാർച്ചിൽ ഇടതുമുന്നണിയുടെ പിന്തുണയോടെ വീണ്ടും രാജ്യസഭാംഗമായി. 2018 ഡിസംബറിൽ ലോക് താന്ത്രിക് ജനതാദൾ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി. 


 

Follow Us:
Download App:
  • android
  • ios