Asianet News MalayalamAsianet News Malayalam

'ജന്മദൗത്യം തിരിച്ചറിയാൻ ഹരിതയ്ക്ക് കഴിയണം', വ്യതിചലിച്ചാല്‍ ഓര്‍മ്മപ്പെടുത്തേണ്ടി വരുമെന്ന് പി കെ നവാസ്

 കോടതിവരാന്തയിൽ തീരാത്ത പ്രശ്നങ്ങള്‍ പാണക്കാട് പരിഹരിച്ച പാരമ്പര്യമാണ് ലീഗിനുള്ളതെന്നും നവാസ് പറഞ്ഞു. 

MSF state president p k navas against  haritha
Author
Kozhikode, First Published Sep 11, 2021, 4:54 PM IST

കോഴിക്കോട്: എംഎസ്എഫ് നേതൃത്വത്തിനെതിരെ പരാതി നൽകിയ ഹരിത പ്രവർത്തകരെ വിമർശിച്ച് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ചില പ്രവർത്തകർ സംഘടനയുടെ ജന്മദൗത്യം മറന്നുപോയെന്നും മാതൃ സംഘടന ഇടപെട്ട് ഇത് തിരുത്തുന്നത് സ്വാഭാവികമെന്നും നവാസ് പറഞ്ഞു. ഹരിത രൂപീകരിച്ചതിന്‍റെ പത്താം വാർഷിക ദിനത്തിൽ ഹരിത മലപ്പുറം ജില്ലാ ഘടകം സംഘടിപ്പിച്ച ശിൽപ്പശാലയിലായിരുന്നു പരാതി നൽകിയവര്‍ക്ക് എതിരെയുള്ള നവാസിന്റെ വിമർശനം. കോടതി മുറികളിൽ തീരാത്ത  പ്രശ്നങ്ങൾ പാണക്കാട്ട് പരിഹരിച്ച പാരമ്പര്യമുണ്ടെന്ന് ഓർക്കണമെന്നും നവാസ് പറഞ്ഞു. 

അതേസമയം നവാസിനെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ച്  ലീഗ് ഉന്നതാധികാരസമിതിയംഗം എം കെ മുനീർ രംഗത്തെത്തി. അറസ്റ്റുണ്ടായ സാഹചര്യത്തിൽ നവാസിനെതിരെ നടപടി എടുക്കാൻ ആലോചിക്കുന്നില്ലെന്നും മുനീർ പറഞ്ഞു. ഹരിതയുടെ പരാതി ആയുധമാക്കിയെടുത്ത് മുസ്ലീം ലീഗിനെ തകർക്കാനുളള സിപിഎം ശ്രമമമാണ് അറസ്റ്റെന്നും മുനീർ ആരോപിച്ചു. നവാസിന്  പിന്തുണയേകി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈൻ അലി തങ്ങളും രംഗത്തെത്തി. നവാസിന്‍റെ ചിരിക്കുന്ന ചിത്രമാണ് മുഈന്‍ അലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്നത്.  

പരാതിക്കിടയാക്കിയ യോഗത്തിന്‍റെ  മിനുട്സ് ഉടൻ ഹാജരാക്കേണ്ടതില്ലെന്നാണ് എംഎസ്‍എഫ് നേതാക്കളുടെ തീരുമാനം. വാക്കേറ്റത്തിൽ കലാശിച്ച യോഗം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്‍റെ നിർദ്ദേശത്തോടെ നിർത്തിവയ്ക്കുന്നു എന്നാണ് മിനുട്സിൽ കുറിച്ചിരിക്കുന്നത്. ഇതിൽ പരാതിക്ക് ബലം നൽകുന്ന വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും എംഎസ്എഫ് നേതാക്കൾ അറിയിച്ചു. കേസിന്‍റെ തുടർഘട്ടത്തിൽ കോടതി ആവശ്യപ്പെടുന്ന മുറയ്ക്ക് മിനുട്സ് ഹാജരാക്കുമെന്നാണ് നേതാക്കളുടെ നിലപാട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios