05:31 PM (IST) Dec 26

സംസ്‌കാരം പൂർത്തിയായി

എം ടി വാസുദേവൻ നായരുടെ സംസ്‌കാരം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ പൂർത്തിയായി

05:15 PM (IST) Dec 26

സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു

മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ അന്തരിച്ച എംടി വാസുദേവൻ നായരുടെ സംസ്കാര ചടങ്ങുകൾ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ പുരോഗമിക്കുന്നു. ഔദ്യോഗിക ബഹുമതികളോടെ മതാചാര പ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.

04:15 PM (IST) Dec 26

'സിതാര'യിലെ അന്ത്യദര്‍ശനം പൂര്‍ത്തിയായി, സംസ്കാര ചടങ്ങുകള്‍ അൽപ്പസമയത്തിനകം

മലയാളത്തന്‍റെ എംടിക്ക് വിടനൽകാനൊരുങ്ങി നാട്. കോഴിക്കോട് കൊട്ടാരം റോഡിലുള്ള വസതിയായ സിതാരയിലെ അന്ത്യദര്‍ശനം പൂര്‍ത്തിയായി. വീട്ടിലെ അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം മാവൂര്‍ റോഡിലെ സ്മൃതിപഥം എന്ന പേരിലുള്ള കോര്‍പ്പറേഷൻ ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകുകയാണ്. ആംബുലന്‍സിലാണ് കൊണ്ടുപോകുന്നത്. വൈകിട്ട് അഞ്ചോടെയായിരിക്കും സംസ്കാരം.

03:28 PM (IST) Dec 26

മലയാളത്തെ സംബന്ധിച്ച ഒരു കാലം നിശ്ചലമായി -പ്രേംകുമാര്‍

മലയാളത്തെ സംബന്ധിച്ച ഒരു കാലം നിശ്ചലമായെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ പ്രേംകുമാര്‍ അനുസ്മരിച്ചു.സ്നേഹത്തിൻറെ നിരാസമാണ് എം.ടിയെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഭൂതകാലത്തിന്റെ നന്മയുടെ അവശേഷിപ്പുകളെ മലയാളിയെ നിരന്തരം ഓർമിപ്പിച്ചു.വിദേശ ഭാഷയിലാണ് രചന നിർവഹിച്ചിരുന്നതെങ്കിൽ എം.ടിക്ക് നോബൽ പുരസ്കാരം കിട്ടുമായിരുന്നു. എംടിയുടെ നഷ്ടം വിശേഷിപ്പിക്കാൻ തീരാത്ത നഷ്ടം എന്ന ആലങ്കാരിക പദം മതിയാവില്ല.

03:27 PM (IST) Dec 26

എംടി പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ-കെ.സുരേന്ദ്രൻ

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് എംടിയുടെ വസതിയിൽ എത്തി ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ടി കഥാവശേഷനാകുമ്പോൾ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവർത്തിയായി നിലനിൽക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം

03:13 PM (IST) Dec 26

മലയാള സാഹിത്യലോകത്തിനും നികത്താനാവാത്ത നഷ്ടം-മന്ത്രി ഒ ആർ കേളു

മലയാളി മനസ്സുകളിൽ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഒ ആർ കേളു അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിനും മലയാള സാഹിത്യലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്. 

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ നിറഞ്ഞുനിന്നിരുന്നു വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായരുടേത്. മതനിരപേക്ഷമായ രചനകളിലൂടെ സാധാരണക്കാരടക്കം എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടിയുടേത്. അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ എക്കാലവും മലയാളി മനസുകളിൽ നിറഞ്ഞുനിൽക്കും.

ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മലയാള സാഹിത്യലോകത്തിനുണ്ടായ തീരാ നഷ്ടത്തിൽ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നു.

03:10 PM (IST) Dec 26

എംടിക്ക് കോഴിക്കോട് നിത്യസ്മാരകം വേണം

എംടിക്ക് കോഴിക്കോട് നിത്യസ്മാരകം വേണമെന്ന് എംകെ രാഘവൻ എംപി പറഞ്ഞു. അത് സർക്കാർ ഗൗരവകരമായി ആലോചിക്കണം.
മലയാള ഭാഷയുടെ സത്യവും സൗന്ദര്യവും സുകൃതവുമാണ് എംടി.എംടിയുടെ ഭാഷാ ശൈലി അദ്ദേഹത്തിന് മാത്രം ചെയ്യാൻ പറ്റുന്നതാണ്. വായിച്ചാലും വായിച്ചാലും മതിവരാത്ത രചനകളാണ് എം.ടിയുടേത്. എം.ടി മലയാള ഭാഷയ്ക്ക് വേണ്ടി തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം

03:09 PM (IST) Dec 26

തൃത്താലക്കാരുടെ സ്വകാര്യ അഹങ്കാരം-വിടി ബല്‍റാം

തൃത്താലയുടെ സ്വകാര്യ അഹങ്കാരമായിരുന്നു എംടിയെന്ന് വിടി ബൽറാം അനുസ്മരിച്ചു. കാലത്തോട് ഏറ്റവും സക്രിയമായി പ്രതികരിച്ച സാഹിത്യകാരനായിരുന്നു.വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നു. തന്നോട് വലിയ വാത്സല്യം പ്രകടിപ്പിച്ചിരുന്നുവെന്നും വിടി ബല്‍റാം പറഞ്ഞു.

03:07 PM (IST) Dec 26

അനുസ്മരിച്ച് എംകെ സ്റ്റാലിൻ

എംടിയെ അനുസ്മരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മലയാളത്തിനപ്പുറം വായനക്കാരെ സ്വന്തമാക്കിയ എഴുത്തുകാരനാണ് എംടി. ഭാഷയ്ക്കും സമൂഹത്തിനും എംടി നൽകിയ സംഭാവന തലമുറകളോളം നിലനിൽക്കുമെന്നും സ്റ്റാലിൻ അനുസ്മരിച്ചു.

02:09 PM (IST) Dec 26

മലയാളത്തിന്‍റെ അക്ഷര പുണ്യം- എംബി രാജേഷ്

മലയാളത്തിന്റെ അക്ഷര പുണ്യമാണ് എം ടിയെന്ന് മന്ത്രി എംബി രാജേഷ് അനുസ്മരിച്ചു. തലമുറകൾക്ക് സാഹിത്യത്തിന്‍റെയും ഭാവനയുടെയും ലോകം കാണിച്ചു തന്ന വ്യക്തിത്വം.മലയാളിയുടെ സാംസ്കാരിക ലോകം ദാരിദ്ര്യമായത് പോലെ അനുഭവപ്പെടുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

02:08 PM (IST) Dec 26

തീരാ നഷ്ടം- ശ്യാമ പ്രസാദ്

എംടിയുടെ മരണം തീരാനഷ്ടമാണെന്ന് സംവിധായകൻ ശ്യാമപ്രസാദ് അനുസ്മരിച്ചു. അടുത്ത കാലത്ത് ആണ് ഒന്നിച്ച് പ്രവർത്തിക്കാൻ ആയത്.
വല്ലാത്ത അനുഭവമായിരുന്നു അത്. എന്നെ സംബന്ധിച്ച് കാരണവരാണ് എം ടി. അച്ഛനോടൊപ്പം വിക്ടോറിയ കോളേജിൽ ഒന്നിച്ച് പഠിച്ച ആളാണ് എം ടി എന്നും ശ്യാമപ്രസാദ് അനുസ്മരിച്ചു.

12:40 PM (IST) Dec 26

എം ടി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ല- സുപര്‍ണ്ണ ആനന്ദ്

എംടി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വൈശാലിയിലെ നായിക സുപർണ്ണ ആനന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെറിയ കാലമേ എം ടിക്കൊപ്പം പ്രവർത്തിക്കാനായുള്ളു.പകർന്നു തന്ന പാ‌‌‌ഠങ്ങൾ വിലമതിക്കാനാവാത്തതെന്നും സുപർണ്ണ ആനന്ദ് പറഞ്ഞു.വൈശാലി, ഉത്തരം തുടങ്ങിയ എം ടിയുടെ സിനിമകളിൽ സുപർണ്ണ അഭിനയിച്ചിരുന്നു.

12:08 PM (IST) Dec 26

എംടിയെ അവസാനമായി കാണാൻ ജനപ്രവാഹം

എംടിയ്ക്ക് ആദരാ‍ഞ്ജലി അര്‍പ്പിക്കാൻ നിരവധി പേരാണ് കോഴിക്കോട്ടെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. ആയിരങ്ങളാണ് ഇതിനോടകം എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വീടിന് മുന്നിൽ ജനങ്ങളുടെ നീണ്ട നിരയാണുള്ളത്. സിനിമ സാഹിത്യ സാംസ്കാരിക മേഖലയിലുള്ളവരും മറ്റു വിവിധ മേഖലയിലുള്ളവരും എംടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

12:05 PM (IST) Dec 26

ആദരാ‍ഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ടെ എംടിയുടെ വീട്ടിലെത്തി ആദരാ‍ഞ്ജലി അര്‍പ്പിച്ചു.

11:08 AM (IST) Dec 26

നഷ്ടപ്പെട്ടത് മഹാനായ കഥാകാരനെ-പ്രകാശ് കാരാട്ട്

നഷ്ടപ്പെട്ടത് മഹാനായ കഥാകാരനെ ആണെന്ന് പ്രകാശ് കാരാട്ട് അനുസ്മരിച്ചു. മഹത്തായ സംഭാവനകൾ മലയാളത്തിന് നൽകി. ഇന്ത്യൻ സാഹിത്യത്തിൽ ഏറ്റവും പ്രഗൽഭനായ സാഹിത്യകാരനാണ്. സിനിമയിലും സാഹിത്യത്തിലും ഉൾപ്പടെ വിവിധ മേഖലകളിൽ മഹത്തായ സംഭാവനകൾ നൽകി. ഫാസിസത്തിന് എതിരെയൂം ശക്തമായി നിലകൊണ്ട വ്യക്തിത്വം. വർഗീയ ശക്തികൾക്ക് എതിരെ നിരന്തരം നിലപാട് എടുത്ത വ്യക്തിത്വം എന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു.

11:07 AM (IST) Dec 26

മലയാള സാഹിത്യത്തിന് തീരാ നഷ്ടം- ഇപി ജയരാജൻ

മലയാള സാഹിത്യത്തിന് തീരാ നഷ്ടമാണെന്ന് ഇപി ജയരാജൻ അനുസ്മരിച്ചു.എല്ലാ രംഗങ്ങളിലും നിറഞ്ഞ് നിന്ന മഹാ പ്രതിഭയാണ് എംടി. അദ്ദേഹത്തിന്‍റെ കൃതികൾ ചെറുപ്പക്കാരെയും സ്വാധീനിച്ചതിന് തെളിവാണ് ചെറുപ്പക്കാർ എം ടി യെ കാണാൻ എത്തിയതെന്നും ഇപി ജയരാജൻ പറഞ്ഞു.

10:54 AM (IST) Dec 26

ഉദയ സൂര്യനെപ്പോലെ നിലകൊള്ളും- ജി സുധാകരൻ

നമ്മുടെ സാംസ്‌കാരികമായ അടിത്തറ ഉറപ്പിക്കുന്നതിൽ എംടി മുൻ നിരയിലാണെന്ന് സിപിഎം നേതാവ് ജി സുധാകരൻ അനുസ്മരിച്ചു. എംടി മലയാളഭാഷ ഉള്ളകാലത്തോളം ഉദയ സൂര്യനെപ്പോലെ നിലകൊള്ളും. അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണെന്നും ജി സുധാകരൻ അനുസ്മരിച്ചു.

10:54 AM (IST) Dec 26

അനുസ്മരിച്ച് കെസി വേണുഗോപാൽ

ഒരു കാലഘട്ടത്തെ പ്രചോദിപ്പിച്ച എഴുത്തുകാരൻ ആണ് കടന്നു പോകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അനുസ്മരിച്ചു.വ്യക്തിപരമായി ബന്ധം പുലർത്താൻ കഴിഞ്ഞു. വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നതിൽ പ്രധാനിയെന്നും കെ.സി.വേണുഗോപാൽ അനുസ്മരിച്ചു.

10:21 AM (IST) Dec 26

നികത്താനാവാത്ത ശൂന്യത - രാഹുൽ ഗാന്ധി

എംടിയുടെ നിര്യാണം നികത്താവാത്ത ശൂന്യതയാണ് സാഹിത്യത്തിലും സിനിമയിലും ഉണ്ടാക്കുകയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. 

10:19 AM (IST) Dec 26

അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടിയെന്നും അദ്ദേഹത്തിന്‍റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.

Scroll to load tweet…