Asianet News MalayalamAsianet News Malayalam

സസ്പെൻഷനോ പദവി നഷ്ടമോ? മുഈൻ അലി തങ്ങൾക്കെതിരെ നടപടിയുണ്ടാവും

ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത് കുഞ്ഞാലിക്കുട്ടിയാണ്. കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യൽ പാണക്കാട് കുടുംബത്തിൽ എത്താൻ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഇതിന്‍റെ മനോവിഷമം കാരണമാണ് ഹൈദരലി തങ്ങൾ രോഗിയായി മാറിയത്. മുഈൻ അലി തങ്ങൾ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്. 

mueen ali thangal will face action from league leadership
Author
Malappuram, First Published Aug 6, 2021, 12:12 PM IST

മലപ്പുറം/ തിരുവനന്തപുരം: മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മുഈൻ അലി തങ്ങളെ നീക്കിയേക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈൻ അലി തങ്ങൾ ഇന്നലെ ലീഗ് വാർത്താസമ്മേളനത്തിലെത്തി ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്. പാർട്ടി അനുമതിയില്ലാതെ വാർത്താസമ്മേളനം നടത്തിയതിനാകും അച്ചടക്ക നടപടി. അന്തിമതീരുമാനം തങ്ങളുമായി സംസാരിച്ച ശേഷം ലീഗ് നേതൃത്വം സ്വീകരിക്കുമെന്നാണ് സൂചന. ഇതിനായി നാളെ പാണക്കാട്ട് ലീഗ് നേതൃയോഗം നടക്കുന്നുണ്ട്.

മുഈനലി ഇന്നലെ ലീഗ് ഹൗസിൽ പറഞ്ഞ കാര്യങ്ങൾ പാർട്ടിക്ക് വലിയെ തിരിച്ചടിയായെന്നാണ് ലീഗിന്‍റെ വിലയിരുത്തൽ. പി കെ കുഞ്ഞാലിക്കുട്ടി നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാതെ മടങ്ങിയത് അടിയന്തിര നടപടികളുദ്ദേശിച്ചാണെങ്കിലും ഇ ടി മുഹമ്മദ് ബഷീറിനെത്താനായില്ല. ഈ സാഹചര്യത്തിലാണ് യോഗം നാളേക്ക് മാറ്റിയത്.  

ചികിത്സയിൽ കഴിയുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് നടപടി ബോധ്യപ്പെടുത്തും. ഇക്കാര്യത്തിൽ പാണക്കാട് സാദിഖലി തങ്ങളുടെ അടക്കം പിന്തുണ കുഞ്ഞാലിക്കുട്ടിക്കുണ്ടെന്നാണ് സൂചന. അതേസമയം പാർട്ടിയിൽ വിമർശനമുയർത്തിയ കെ എം ഷാജി അടക്കമുള്ള നേതാക്കൾ മുഈനലിയുടെ പരസ്യ വിമർശനത്തോടെ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ്. കുഞ്ഞാലിക്കുട്ടി വിമർശകരായ നേതാക്കളും നിലപാടെടുക്കാൻ തയ്യാറല്ല. 

അതേസമയം, ചന്ദ്രിക അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകാൻ ഇടയില്ല. ചികിത്സയിലുള്ള അദ്ദേഹം അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ചന്ദ്രിക ഫിനാൻസ് മാനേജർ സമീർ കൊച്ചിയിൽ ഇ ഡി ഓഫീസിൽ ഹാജരായേക്കും. 

മുഈൻ അലി തങ്ങൾ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങൾ

ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത് കുഞ്ഞാലിക്കുട്ടിയാണ്. കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യൽ പാണക്കാട് കുടുംബത്തിൽ എത്താൻ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഇതിന്‍റെ മനോവിഷമം കാരണമാണ് ഹൈദരലി തങ്ങൾ രോഗിയായി മാറിയത്. ഇന്നലെ വൻ വാർത്തയായി മാറിയ വാർത്താസമ്മേളനത്തിൽ മുഈൻ അലി തങ്ങൾ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്. 

നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടില്‍ പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് വിളിപ്പിക്കുകയും ഈ വിഷയത്തില്‍ ലീഗിനതിരെ കെ ടി ജലീല്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ലീഗിന്‍റെ അഭിഭാഷക സംഘടനാ പ്രസിഡന്‍റ് മുഹമ്മദ് ഷാ കോഴിക്കോട്ട് വിളിച്ച വാര്‍ത്താ സമ്മേളനമാണ് അത്യന്തം നാടകീയതയിലേക്ക് വഴിമാറിയത്. 

ചന്ദ്രികയുടെ അക്കൗണ്ടിലത്തിയ പണം  പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണെന്ന ആരോപണം തെറ്റാണെന്നും വരിസംഖ്യയായി പിരിച്ചെടുത്തതാണെന്നും ഷാ വിശദീകരിക്കവെയാണ് മുഈൻ അലി തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞത്. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ലീഗിന്‍റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയുടെ ഫിനാന്‍സ് ഓഫീസറായി അബ്ദുള്‍ സമീറിനെ നിയമിച്ചതും കു‍ഞ്ഞാലിക്കുട്ടിയാണ്. സ്വാഭാവികമായും ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞു.

ചന്ദ്രികയ്ക്കായി ഭൂമി വാങ്ങിയതിലുള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്. വാങ്ങിയ ഭൂമി കണ്ടൽക്കാടാണെന്നും മുഈൻ അലി പറഞ്ഞു. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരങ്ങിയെന്നും തിരുത്തല്‍ വേണമെന്നും മുഈൻ അലി പറഞ്ഞതിനു പിന്നാലെ ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവ് അസഭ്യവര്‍ഷവുമായി കയറിവന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.

2004-ല്‍ ഐസ്ക്രീം പാര്‍ലര്‍ കേസിനു പിന്നാലെ ഇന്ത്യാവിഷന്‍ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് റാഫി. കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെയായിരുന്നു ഇന്ത്യാവിഷന്‍ ഓഫീസിനെതിരായ ആക്രമണം.

Follow Us:
Download App:
  • android
  • ios