Asianet News MalayalamAsianet News Malayalam

'കടകംപള്ളിയെയല്ല വിമര്‍ശിച്ചത്'; കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്ന് റിയാസ്

കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. കരാരുകാരൻ ഉഴപ്പിയപ്പോള്‍ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. അല്ലായിരുന്നുവെങ്കിൽ മറിച്ചായേനെ സ്ഥിതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Muhammad Riyas response over criticism against kadakampally surendran nbu
Author
First Published Feb 1, 2024, 2:18 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നടക്കുന്ന റോഡ് പണി സംബന്ധിച്ച വിവാദത്തിൽ വിമര്‍ശിച്ചത് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. കരാരുകാരൻ ഉഴപ്പിയപ്പോള്‍ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. അല്ലായിരുന്നുവെങ്കിൽ മറിച്ചായേനെ സ്ഥിതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വീണ വിജയന്‍റെ കമ്പനി എക്സാലോജിക്കിനെതിരായ അന്വേഷണത്തില്‍ പുതിയതായി ഒന്നും പറയാനില്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. തലസ്ഥാനത്തെ റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

തലസ്ഥാന നഗരത്തിലെ റോഡുകൾ ഗതാഗത യോഗ്യമല്ലാതായിട്ട് മൂന്ന് വര്‍ഷമായി. മൂന്ന് മാസം കൊണ്ട് പണി തീരുമെന്ന് പ്രഖ്യാപിച്ച് കൂട്ടത്തോടെ റോഡ് പൊളിച്ചതോടെ ജനം നട്ടംതിരിയുകയാണ്. ഇതിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സ്മാര്‍ട് സിറ്റി, അമൃത് പദ്ധതികളുടെ നടത്തിപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോർപ്പറേഷൻ വികസന സമിതി യോഗത്തിൽ കടകംപള്ളി പ്രസംഗിച്ചത്. എന്നാല്‍, ആകാശത്ത് റോഡ് നിര്‍മ്മിക്കാനാകുമോ എന്ന് തിരിച്ച് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും കൂടി പറഞ്ഞതോടെ വിവാദം പിടിവിട്ടു. സംസ്ഥാന സമിതിയിലെ തന്നെ മുതിര്‍ന്ന നേതാവും മുൻമന്ത്രിയുമായ കടകംപള്ളിയെ കരാറുകാരുമായുള്ള കള്ളക്കളി കൂടി ആരോപിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തിയ നടപടി ശരിയായില്ലെന്നാണ് മുഹമ്മദ് റിയാസിനെതിരായ വിമര്‍ശനം. 

Latest Videos
Follow Us:
Download App:
  • android
  • ios