തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് അന്വേഷണത്തിലെ ആരോപണങ്ങൾ നിഷേധിച്ച് മുഹമ്മദ് ഹനീഷ് ഐഎഎസ്. പാലാരിവട്ടം പാലം അഴിമതികേസുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ ചോദ്യം ചെയ്യല്ലിനിടെയാണ് ഹനീഷ് ആരോപണങ്ങളെല്ലാം നിഷേധിച്ചത്. ചോദ്യം ചെയ്യൽ നാല് മണിക്കൂറോളം നീണ്ടു. 

മുൻകൂർ തുക കൈമാറാനുള്ള അപേക്ഷ പൊതുമരാമത്ത് വകുപ്പിന് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്ന് ചോദ്യം ചെയ്യല്ലിനിടെ ഹനീഷ് വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പൊതുമാരമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടിഒ സൂരജിനാണ് അനുമതി കൈമാറിയത്. അനുമതി നൽകി ഉത്തരവിറക്കിയതിൽ തനിക്ക് പങ്കില്ലെന്നും മുഹമ്മദ് ഹനീഷ് വിജിലൻലസിന് മൊഴി നൽകി. 

പാലാരിവട്ടം പാല നിർമ്മാണ അഴിമതിയുമായി ബന്ധപ്പെട്ട് റോഡ്സ് ആൻ്റ് ബ്രിജസ് കോർപ്പറേഷൻ മുൻ എംഡി എന്ന നിലയിലാണ് മുഹമ്മദ് ഹനീഷിനെ വിജിലൻസ് ചോദ്യം ചെയ്തത്. പാലം നിർമ്മാണത്തിന് കരാർ നൽകുന്നതിൽ മുഹമ്മദ്‌ ഹനീഷിന് മേൽനോട്ടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. 

കരാറുകാരന് മുൻകൂർ പണം നൽകാൻ ഹനീഷ് ശുപാർശ ചെയ്തുവെന്ന് കേസിലെ പ്രതിയായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് വിജിലൻസിന് മൊഴി നൽകിയിരുന്നു. കേസിൽ നേരത്തെ കോർപ്പറേഷൻ്റെ അഡീഷണൽ ജനറൽ മാനേജർ ബി.ഡി.തങ്കച്ചനെ അറസ്റ്റ് ചെയ്തിരുന്നു.  വ്യവസായ വകുപ്പ് സെക്രട്ടറിയാണിപ്പോൾ മുഹമ്മദ് ഹനീഷ്.