Asianet News MalayalamAsianet News Malayalam

'എല്ലാരും പോയീന്നാ തോന്നണേ, ഉമ്മ എന്നെ നോക്കൂലേ?' ഒറ്റ രാത്രി കൊണ്ട് ഒറ്റയായി ഹാനി, കൂട്ടായി ഉമ്മൂമ്മ മാത്രം

ഉമ്മയും ഉമ്മുമ്മയും സഹോദരങ്ങളും എല്ലാവരും ഉരുൾപൊട്ടലിൽ മുഹമ്മദ് ​ഹാനിയുടെ കൺമുന്നിലൂടെയാണ് ഒലിച്ചുപോയത്. 

muhammed hani survivor wayanad landslide disaster lost parents and everyone exclusive
Author
First Published Aug 13, 2024, 9:32 AM IST | Last Updated Aug 13, 2024, 10:16 AM IST

കൽപറ്റ: ഒരു ​ഗ്രാമത്തെ അപ്പാടെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കിയ വൻദുരന്തത്തെ ഓർത്തെടുക്കുകയാണ് പതിനഞ്ചുകാരനായ മുഹമ്മദ് ഹാനി.  വയനാട്ടിലെ മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ മുഹമ്മദ് ഹാനിക്ക് ഉറ്റവരെയെല്ലാം നഷ്ടമായി. ഉമ്മയും ഉപ്പയും  സഹോദരങ്ങളും ബന്ധുക്കളും എല്ലാവരും ഉരുൾപൊട്ടലിൽ മുഹമ്മദ് ​ഹാനിയുടെ കൺമുന്നിലൂടെയാണ് ഒലിച്ചുപോയത്. നാല് മണിക്കൂർ ചെളിയിൽ പുതഞ്ഞുകിടന്ന ഹാനി രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടാണ്. ഉമ്മുമ്മയെ രക്ഷപ്പെടുത്തിയതും ഹാനിയാണ്. മാതാപിതാക്കളും സഹോദരങ്ങളും അടുത്ത കുടുംബക്കാരും എല്ലാം ഒറ്റരാത്രി കൊണ്ട് ഒലിച്ചു പോയ ദുരന്തദിനത്തെ ഓർത്തെടുക്കുകയാണ് മുഹമ്മദ് ഹാനി എന്ന 15 കാരൻ.

''ഞങ്ങള് സന്തോഷത്തോടെ പെങ്ങൻമാരുടെ കൂടെ ഒന്നിച്ചിരുന്ന് കളിച്ച രാത്രിയായിരുന്നു അത്. ഞാന്‍ മീഡിയയായിട്ടും മറ്റുള്ളവര് രക്ഷാപ്രവര്‍ത്തകരായിട്ടും. വല്ലുമ്മയും ‍ഞങ്ങൾക്കൊപ്പം കളിക്കാൻ കൂടി. മഴ കൂടുന്നതും വെള്ളം പൊങ്ങുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതും ഒക്കെയായിരുന്ന കളി. അപ്പോഴൊന്നും ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് കരുതീല്ല. സാധാരണ ഞങ്ങള് പതിനൊന്നരക്കേ ഫുഡ് കഴിക്കാറുള്ളൂ. അന്ന് എട്ടരയായപ്പോ ഫുഡ് റെഡിയായി. ഞാനപ്പോ ചോദിച്ചു, എന്തിനാ ഉമ്മാ ഇത്രയും നേരത്തെ ഫുഡ് റെ‍ഡിയാക്കീതെന്ന്. ഉരുൾപൊട്ടി പോകുമ്പോ എല്ലാർക്കും കൂടി ഒപ്പം പോകാനാണോ എന്ന്. ഉമ്മ അപ്പോ എന്നെ അടിച്ചിട്ട് പറഞ്ഞു, പോകുവാണെങ്കി അങ്ങനെ പോകുവല്ലേ നല്ലത് എന്ന്. 

അന്ന് രാത്രി ചെറിയ രീതിയിൽ മലവെള്ളം വന്നപ്പോ എല്ലാരും കൂടി, ഉപ്പാന്‍റെ അനിയനും ഫാമിലീം വീട്ടിലേക്ക് വന്നതാണ്. പിന്നെ അവര് പോയില്ല. ഭക്ഷണം കഴിച്ച് എല്ലാരും കിടന്നു. പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് ഉറക്കത്തീന്ന് എണീറ്റ് ചുമരിലേക്ക് നോക്കിയപ്പോ ചുമര് വിണ്ടുപോകുന്നത് കണ്ടു. പെട്ടെന്ന് വീടൊന്ന് കുലുങ്ങി. ഉമ്മച്ചീ എന്ന് ഞാന്‍ വിളിച്ചതും ഞാൻ പുറകോട്ട് തെറിച്ച് പോയി. മണ്ണിനടിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് കൈ പൊക്കിയപ്പോള്‍ ഒരു ജനലില് പിടുത്തം കിട്ടി. അതില് പിടിച്ചു കയറി. അപ്പുറത്തെ സൈഡില് ഉമ്മയുണ്ട്. ഞാന്‍ അനങ്ങിയാ താഴെപോകും. എങ്ങനെയോ  ഉമ്മുമ്മയുടെ അടുത്തെത്തി, എണീപ്പിച്ച് ഒരു കമ്പിയില് പിടിപ്പിച്ച്, അവിടെ പിടിച്ചോളാന്‍ പറഞ്ഞു. ഞാന്‍ ഇരിക്കുകയാണ്. എന്‍റെ തലക്ക് മുകളില് സ്ലാബാണ്. ഒരു സൈഡില് ചുമരും മറ്റൊരു സൈഡില്‍ മലയും. പെട്ടെന്ന് മലയില്‍ നിന്ന് ഒരു ശബ്ദം. ഞാന്‍ നോക്കീപ്പോ കണ്ടത് മലയില്‍ നിന്ന് വീടുകളൊക്കെ അടിച്ചുതുടച്ച് വെള്ളം ഒഴുകിവരുന്നതാണ്. എനിക്ക് മനസ്സിലായി. മലയുടെ ഒരു ഭാ​ഗം ഇടിഞ്ഞുവീണെന്ന്.

ഏകദേശം വീടുകളൊക്കെ പോയി എന്ന് എനിക്ക് മനസിലായി. എനിക്ക് ജീവനുണ്ടെന്ന സമാധാനമുണ്ടായിരുന്നു. പെട്ടെന്നാണ് രണ്ടാമത്തെ ഉരുള്‍പൊട്ടല് വന്നു. എനിക്ക് മനസ്സിലായി എല്ലാം, എല്ലാരും പോയി എന്ന്. ഞാനവിടെയിരുന്ന് കരഞ്ഞ്. ചെളിയില്‍ പുതഞ്ഞ് നാല് മണിക്കൂറോളം ഇരുന്ന് കരഞ്ഞു. ഞാന്‍ ഉമ്മാനോട് പറഞ്ഞ് എല്ലാരും പോയീന്നാ തോന്നണ് ഉമ്മ എന്നെ നോക്കൂലേ എന്ന്. അടുത്ത പൊട്ടല് വന്നാ ഞാനും പോകും എന്ന് തോന്നി.  രണ്ടാമത് ഉരുൾപൊട്ടലുണ്ടായപ്പോൾ എനിക്ക് മനസ്സിലായി ഞാൻ വീട്ടിലല്ല വേറെ എവിടെയോ ആണെന്ന്. മഴ പെയ്യാതിരിക്കാൻ പ്രാർത്ഥിച്ചെന്നും ഹാനി കണ്ണുനീരോടെ പയുന്നു.

നാല് മണിക്കൂറാണ് പേടിച്ച് വിറച്ച് ചെളിക്കകത്ത് കഴിഞ്ഞതെന്ന് മുഹമ്മദ് ഹാനി നടുക്കത്തോടെ ഓർത്തെടുക്കുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ഉമ്മ പറഞ്ഞു. ഞാനെന്തെങ്കിലും ചെയ്യാം എന്ന് പറഞ്ഞ്. പൈപ്പില്‍നിന്ന്  പിടിവിട്ട് ടാറ്റാ സ്കൈയുടെ 
കമ്പിയില് പിടികിട്ടി. മുകളിലേക്ക് കയറിയപ്പോ ഞങ്ങള് നില്‍ക്കുന്ന അയല്‍വാസിയുടെ  വീടൊഴികെ ബാക്കി എല്ലായിടത്തും കടലാണ്.   തൊട്ടുമുന്നിൽ കടലുപോലെ ചെളിവെള്ളം നിറയുന്നത് കണ്ടു. അവിടെനിന്ന് അലറി വിളിച്ചു. അവരോട് വര്‍ത്തമാനം പറയുന്ന സമയത്താണ് മോളെ കാണുന്നത്. എന്താ ചെയ്യേണ്ടതെന്ന് അറിയാതെ വന്നു. അപ്പോഴേക്കും രക്ഷാപ്രവർത്തകരെത്തി മോളെയും ഉമ്മുമ്മയെയും രക്ഷിച്ചു.'' 

'എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു ഉമ്മയെ യുകെക്ക് കൊണ്ടുപോകണമെന്ന്. ബിസിനസുകാരനാകാനായിരുന്നു ഇഷ്ടം. ഉമ്മ ഇല്ലാത്തതുകൊണ്ടുള്ള വിഷമമാണ്. ചെലപ്പോ ഓരോന്നോർത്ത് സങ്കടം വരും. ഉമ്മാനെയൊക്കെ നോക്കി നല്ലൊരു ജോലിയൊക്കെയായിരുന്നു ആഗ്രഹം.  മനസ് ഇപ്പോ കട്ടി വന്നപോലെ പോലെ തോന്നും. ആ നാല് മണിക്കൂര്‍ അവിടെയിരുന്ന് കരഞ്ഞത് കൊണ്ടാകാം ' ഒറ്റ രാത്രി കൊണ്ട് ഒറ്റക്കായിപ്പോയതിങ്ങനെയെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നു മുഹമ്മദ് ഹാനി. 

Latest Videos
Follow Us:
Download App:
  • android
  • ios