Asianet News MalayalamAsianet News Malayalam

മുളന്തുരുത്തി പളളി സ‍ർക്കാ‍ർ ഏറ്റെ‌ടുത്തു; ബിഷപ്പുമാരേയും വിശ്വസികളേയും അറസ്റ്റ് ചെയ്തു നീക്കി

പളളി ഏറ്റെടുത്തു കൈമാറാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് തീരാനിരിക്കേയാണ്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പൊലീസ് സഹായത്തോടെ ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തത്. 

mulanthurthy church seized by district administration
Author
Mulanthuruthy, First Published Aug 17, 2020, 7:06 AM IST

എറണാകുളം: ഓർത്തഡോക്സ് - യാക്കോബായ തർക്കം നിലനിൽക്കുന്ന മുളന്തുരുത്തി പളളി ഹൈക്കോടതി നിർദേശം പ്രകാരം സർക്കാർ ഏറ്റെടുത്തു. ഏറ്റെടുക്കൽ എതിർത്തു കൊണ്ട് പള്ളിയിൽ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗം വിശ്വാസികളേയും മൂന്ന് ബിഷപ്പുമാർ അടക്കം മതപുരോഹിതരേയും അറസ്റ്റ് ചെയ്തു നീക്കിയാണ് പള്ളി ഏറ്റെടുത്തത്. 

പളളി ഏറ്റെടുത്തു കൈമാറാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് തീരാനിരിക്കേയാണ് തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പൊലീസ് സഹായത്തോടെ ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തത്. പള്ളി ഭരണം ഏറ്റെടുത്ത് ഇന്ന് റിപ്പോർട്ട്‌ കൈമാറാന് ആണ് എറണാകുളം ജില്ലാ കളക്ടർക്ക് ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകിയത്. 

സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിനായിരുന്നു പള്ളിയേറ്റെടുക്കേണ്ട ചുമതല. പുലർച്ചെ അഞ്ച് മണിയോടെ വൻ സന്നാഹങ്ങളുമായി പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പള്ളിയിലെത്തി. ഇതിനോടകം ചോറ്റാനിക്കര മുതലുള്ള പ്രദേശത്തെ റോഡുകൾ പൊലീസ് അടയ്ക്കുകയും ചെയ്തിരുന്നു. 

ഫയർഫോഴ്സിൻ്റെ സഹായത്തോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് അകത്തു കടന്ന പൊലീസ് പ്രതിഷേധക്കാരെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്തുനീക്കി. വിശ്വാസികൾ കടുത്ത പ്രതിഷേധം നടത്തിയെങ്കിലും പുലർച്ച ആറരയോടെ സ്ത്രീകളടക്കമുള്ള  മുഴുവനാളുകളേയും ഒഴിപ്പിച്ചു. 

മെത്രപൊലീത്തൻ ട്രസ്റ്റി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിൽ ബിഷപ്പുമാർ പള്ളിയുടെ ഗേറ്റിന് മുന്നിൽ ഇരുന്നു പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇതനുവദിച്ചില്ല. ഇന്ന് കോടതി കേസ് പരിഗണിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നാിരുന്നു ഇവരുടെ ആവശ്യം. ഇവരേയും അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് പള്ളിയുടെ ഭരണം ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. അറസ്റ്റ് ചെയ്തവരെയെല്ലാം വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 

സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പളളിയിൽ പ്രവേശിക്കാൻ സർക്കാർ സംരക്ഷണം നൽകുന്നില്ലെന്നാരോപിച്ച് ഓ‍ർത്ത‍ഡോക്സ് വിഭാഗം നേരത്തെ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു.വിധി നടപ്പാക്കാൻ പോലീസിന് കഴിയില്ലെങ്കിൽ സിആർപിഎഫിനെ നിയോഗിക്കാൻ കഴിയുമോയെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ആരാഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചും പള്ളി ഏറ്റെടുക്കാൻ കർശന നിർദ്ദേശം നൽകിയത്. 

കൊവിഡിന്‍റെയും പ്രളയത്തിന്‍റെയും പശ്ചാത്തലത്തിൽ പള്ളി ഏറ്റെടുക്കാൻ കൂടുതൽ സാവകാശം വേണമെന്ന് സംസ്ഥാന സർക്കാർ നിലപാട്. പള്ളി ഏറ്റെടുക്കാൻ കളക്ടർ തയ്യാറായില്ലെങ്കിൽ കേന്ദ്ര സേനയെ നിയോഗിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

Follow Us:
Download App:
  • android
  • ios