തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയാണ് ഇടതുപക്ഷ രാഷ്ട്രീയം. അതിന്റെ നന്മകള്‍ ഒരു കുരുമുളക് കൊടിയോടൊപ്പം ആര്‍ക്കും കൊണ്ടുപോകാന്‍ കഴിയില്ലെന്നും മുല്ലക്കര ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

തിരുവനന്തപുരം: സിപിഐ (CPI) യുവനേതാവ് കനയ്യകുമാര്‍ (Kanhaiya kumar) കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവ് മുല്ലക്കര രത്‌നാകരന്‍ (mullakkara Ratnakaran). ഫേസ്ബുക്ക് കുറിപ്പിലാണ് മുല്ലക്കരയുടെ വിമര്‍ശനം. ''പണ്ട് പറങ്കികള്‍ കുരുമുളക് തൈകള്‍ പോര്‍ച്ചുഗലിലേക്ക് കൊണ്ടുപോയതിനെക്കുറിച്ച് സാമൂതിരി മങ്ങാട്ടച്ചനോട് പറഞ്ഞത് ഓര്‍ത്തുപോകുകയാണ്: അവര്‍ കുരുമുളക് കൊടികളേ കൊണ്ട് പോകൂ, നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ. തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയാണ് ഇടതുപക്ഷ രാഷ്ട്രീയം. അതിന്റെ നന്മകള്‍ ഒരു കുരുമുളക് കൊടിയോടൊപ്പം ആര്‍ക്കും കൊണ്ടുപോകാന്‍ കഴിയില്ല''- മുല്ലക്കര ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

എഐഎസ്എഫിലൂടെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷപദവിയിലെത്തുകയും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായി വളര്‍ന്ന കനയ്യകുമാര്‍ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജിഗ്‌നേഷ് മേവാനി എംഎല്‍എയും കനയ്യക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്ഥാനങ്ങള്‍ സ്വയം ഒഴിയുന്നുവെന്ന് കനയ്യ കുമാര്‍ ചൊവ്വാഴ്ച പാര്‍ട്ടിക്ക് കത്ത് നല്‍കി. വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്നാണ് കനയ്യ കത്തില്‍ ആവശ്യപ്പെട്ടത്. കനയ്യ കുമാര്‍ പാര്‍ട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പ്രതികരിച്ചു.

മുല്ലക്കരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പണ്ട് പറങ്കികള്‍ കുരുമുളക് തൈകള്‍ പോര്‍ച്ചുഗലിലേക്ക് കൊണ്ടുപോയതിനെക്കുറിച്ച് സാമൂതിരി മങ്ങാട്ടച്ചനോട് പറഞ്ഞത് ഓര്‍ത്തുപോകുകയാണ്: 'അവര്‍ കുരുമുളക് കൊടികളേ കൊണ്ട് പോകൂ, നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ'. തിരമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയാണ് ഇടതുപക്ഷ രാഷ്ട്രീയം. അതിന്റെ നന്മകള്‍ ഒരു കുരുമുളക് കൊടിയോടൊപ്പം ആര്‍ക്കും കൊണ്ടുപോകാന്‍ കഴിയില്ല.