തിരുവനന്തപുരം: വട്ടിയൂർക്കാവിലും കോന്നിയിലും സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്നും ഇതിനുള്ള തെളിവുകള്‍ കൈയിലുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുമ്പോളാണ് ‍സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ടുകച്ചവടമുണ്ടെന്ന ആരോപണം അദ്ദേഹം ഉയര്‍ത്തിയത്. 

എന്നാല്‍ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പള്ളിക്ക് മറുപടി നല്‍കി. മുല്ലപ്പള്ളിയുടേത് തരംതാണ നടപടിയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. 

വട്ടിയൂർക്കാവിൽ ബിജെപി സിപിഎമ്മിനും കോന്നിയിൽ തിരിച്ച് സിപിഎം ബിജെപിക്കും വോട്ടു  മറിക്കാനായി ധാരണയുണ്ടാക്കിയെന്നാണ് കോൺഗ്രസ് ആക്ഷേപിക്കുന്നത്. ഇന്നലെ വട്ടിയൂർക്കാവിലെ യുഡിഎഫ് കൺവെൻഷനിൽ വച്ചാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വോട്ടുകച്ചവടം എന്ന ബോംബ് പൊട്ടിക്കുന്നത്. 

അധികം വൈകാതെ ഉപതെരഞ്ഞെടുപ്പിലെ പ്രധാന വിവാദവിഷയമായി ഇതു മാറി. മുല്ലപ്പള്ളിയുടെ ആരോപണത്തിന് കോണ്‍ഗ്രസ്-ബിജെപി ബാന്ധവം എന്ന ആരോപണമുയര്‍ത്തി മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ വിവാദം കത്തിക്കയറി. അതേസമയം പരാജയഭീതി കൊണ്ടാണ് സിപിഎമ്മും കോൺഗ്രസ്സും പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നതെന്നാണ് ശ്രീധരൻപിള്ളയുടെ വിശദീകരണം

പാലാ ഫലത്തിന് പിന്നാലെ സിപിഎം-ബിജെപി ബന്ധം കോൺഗ്രസ് ആരോപിച്ചിരുന്നു. വട്ടിയൂർകാവിൽ കുമ്മനത്തെ മാറ്റി എസ് സുരേഷിനെ കൊണ്ടുവന്നതും കോന്നിയിൽ സുരേന്ദ്രൻ ഇറങ്ങിയതും  ധാരണയുടെ ഭാഗമായെന്നാണ് കോൺഗ്രസ് ആക്ഷേപം. വാദപ്രതിവാദം ശക്തമായതോടെ ഉപതെരഞ്ഞെടുപ്പിലെ ആദ്യഘട്ട ചർച്ചാ വിഷയമായി വോട്ട് കച്ചവട വിവാദം മാറുകയാണ്.