തിരുവനന്തപുരം: ലാവലിനേക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ ഇടപാടിൽ നടന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടപാടിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും  അനധികൃതമായി സർക്കാർ ഡേറ്റ കൈമാറിയ ഈ ഇടപാട് സിപിഎം നയത്തിന് എതിരെന്നും ഇക്കാര്യത്തിൽ സിപിഎം കേന്ദ്രനേതാക്കളായ സീതാറാം യെച്ചൂരിയുടേയും പ്രകാശ് കാരാട്ടിൻ്റേയും നിലപാട് എന്താണെന്ന് അറിയാൻ താത്പര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊവിഡ് 19-ൻ്റെ മറവിൽ വലിയ വഞ്ചനയാണ് നടന്നത്. വിവാദ കമ്പനിയെ കേരളത്തിലേക്ക് കൊണ്ട് വന്നത് ആരാണ്. അന്താരാഷ്ട്ര കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയാണ്. കരാറിൽ നിന്നും എന്ത് നേട്ടമാണ് സർക്കാരിനുണ്ടായത്. മന്ത്രിസഭ ഈ കരാർ പരിശോധിച്ചിരുന്നോ ?

ആരോഗ്യ തദ്ദേശ വകുപ്പുകൾക്ക് മുൻപാകെ സമർപ്പിച്ചിരുന്നോ ? ധനകാര്യ വകുപ്പിന്റെ അനുമതി കരാറിന് കിട്ടിയിരുന്നോ ? സ്വകാര്യ വിവരങ്ങൾ എടുക്കുന്നതിന് വ്യക്തികളുടെ അനുമതി വേണം. ഈ കരാറിൽ ഈ അനുമതി തേടിയിരുന്നോ. കരാറിലെ ഐടി സെക്രട്ടറിയുടെ ഒപ്പിൽ തിയതി ചേർക്കാത്തതെന്ത് എന്തു കൊണ്ട് എന്നീ ചോദ്യങ്ങളും കെപിസിസി അധ്യക്ഷൻ ചോദിച്ചു. 

ഇപ്പോഴും കൊവിഡ് രോഗികളുടെ വിവരവങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ കമ്പനിയാണ്. ലാവലിൻ ആരോപണം സുപ്രീം കോടതിക്ക് മുന്നിൽ ഉള്ളപ്പോഴാണ് സ്പ്രിംഗ്ലർ അഴിമതി സർക്കാർ നടത്തിയത്.  എന്തൊരു തൊലിക്കട്ടിയാണ് മുഖ്യമന്ത്രിക്ക്. ലാവലിനെക്കാൾ ഗുരുതര അഴിമതിയാണ് സ്പ്രിംഗ്ലർ അഴിമതി.

ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം പിണറായിയെ രാജി വച്ചു വേണം അന്വേഷണം നേരിടാൻ. സംസ്ഥാന പൊലീസിന് കീഴിലെ ഏതെങ്കിലും ഏജൻസിയല്ല സിബിഐ തന്നെ ഇക്കാര്യം അന്വേഷിക്കണം. ആരോപണമുന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന ഏർപ്പാടാണ് ഇവിടെ നടക്കുന്നത്. എന്തായാലും നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ.

ഹയർസെക്കൻഡറി അനുവദിക്കാൻ കോഴ വാങ്ങിയെന്ന പരാതിയിൽ കെഎം ഷാജി നിരപരാധിയാണെന്നും ഈ കാര്യത്തിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ എന്നാണ് കെപിസിസി നിലപാടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സ്പ്രിംഗ്ലർ അഴിമതിയിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ അനുവദിക്കില്ല. കെപിസിസി അധ്യക്ഷന് ഇടുങ്ങിയ മനസ്സെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവഗണിക്കുന്നതായി പറഞ്ഞ മുല്ലപ്പള്ളി ഐടി സെക്രട്ടറി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും പറഞ്ഞു.