തിരുവനന്തപുരം: കെപിസിസി പുനസംഘടന വൈകുന്നതില്‍ അതൃപ്തി അറിയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പുനസംഘടനയില്‍ തീരുമാനം ഇനിയും വൈകരുതെന്ന് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു. പുനസംഘടന സംബന്ധിച്ച് ഉടന്‍ സമവായം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഇക്കാര്യം മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. കമ്മിറ്റിയില്ലാതെ ഇനിയും മുന്നോട് പോകാനാവില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

2018 സെപ്തംബറിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിച്ചത്. ഇതോടൊപ്പം കെ.മുരളീധരനെ പാര്‍ട്ടിയുടെ പ്രചാരണവിഭാഗം തലവനായും ബെന്നി ബെഹന്നാനെ യുഡിഎഫ് കണ്‍വീനറായും നിയമിച്ചു. കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഐ ഷാനവാസ് എന്നിവരെയാണ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍മാരായും ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. 

കേരളത്തിലെ നേതാക്കാള്‍ക്കിടയിലുണ്ടാക്കിയ സമവായത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എന്നാല്‍ ഡിസിസികളിലും കെപിസിസിയിലും ഇതുവരെ സമ്പൂര്‍ണ അഴിച്ചു പണി നടത്തിയിട്ടില്ല. പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുത്ത് ഒരു വര്‍ഷം കഴിഞ്ഞും സമ്പൂര്‍ണ അഴിച്ചു പണി വൈകുന്നതാണ് മുല്ലപ്പള്ളിയുടെ പരാതിക്ക് കാരണം.