പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കോൺഗ്രസ് നേതാവ് തയ്യിൽ കുമാരന്റെ വിയോഗത്തിൽ അനുശോചന കുറിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കോൺഗ്രസ് നേതാവ് തയ്യിൽ കുമാരന്റെ വിയോഗത്തിൽ അനുശോചന കുറിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ ഓര്‍മയിലെ കുമാരനെ അനുസ്മരിച്ച് വൈകാരികമായ കുറിപ്പാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. പ്രിയ സ്നേഹിതൻ തയ്യിൽ കുമാരന് പ്രണാമം. ജീവിതാന്ത്യം വരെ പ്രസ്ഥാനത്തോട് ഒപ്പം ഉറച്ചു നിന്ന, ആശയ വ്യക്തതയോടെ പാർട്ടിക്കുള്ളിലും പുറത്തും ധീരമായി സംസാരിച്ച, നിശ്ചയ ദാർഢ്യത്തിന്റെ പ്രതീകമായ എന്റെ സ്നേഹിതൻ തയ്യിൽ കുമാരന് വിട എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം പഴയ ചിത്രങ്ങളങ്ങളും മുല്ലപ്പള്ളി പങ്കുവച്ചിട്ടുണ്ട്.
കുറിപ്പിങ്ങനെ...
പ്രിയ സ്നേഹിതൻ തയ്യിൽ കുമാരന് പ്രണാമം. ജീവിതാന്ത്യം വരെ പ്രസ്ഥാനത്തോട് ഒപ്പം ഉറച്ചു നിന്ന, ആശയ വ്യക്തതയോടെ പാർട്ടിക്കുള്ളിലും പുറത്തും ധീരമായി സംസാരിച്ച, നിശ്ചയ ദാർഢ്യത്തിന്റെ പ്രതീകമായ എന്റെ സ്നേഹിതൻ തയ്യിൽ കുമാരന് വിട. മാസങ്ങൾക്ക് മുമ്പ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് വിശ്രമത്തിലായ കുമാരൻ എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു.
വീട്ടിലെത്തിയപ്പോൾ എല്ലാം മറന്ന് ഭാര്യയോടൊപ്പം സന്തോഷത്തോടെ സ്വീകരിച്ചു. വീട്ടിലൊരുക്കിയ പൂന്തോട്ടത്തിൽ എന്നെയും കൂട്ടി പതുക്കെ നടന്നു. ഊഞ്ഞാലിൽ ഞാൻ ഇരിക്കാൻ കുമാരൻ വാശിപിടിച്ചു. പിന്നീട് എന്നെ ഊഞ്ഞാലിൽ ആട്ടിക്കൊണ്ടിരുന്നു. "എനിക്ക് സന്തോഷമായി" എന്ന കുമാരന്റെ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. പ്രിയ സ്നേഹിതാ, ഒന്നും മറക്കാൻ കഴിയില്ല.
1978 -ൽ കോൺഗ്രസ്സ് പിളർന്ന കാലം. സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായ എന്റെ വിശ്വസ്തനായി നാദാപുരത്തും പരിസരപ്രദേശങ്ങളിലും പ്രസംഗവേദികളിൽ നിറഞ്ഞുനിന്ന, പ്രസ്ഥാനത്തിന് ശക്തമായ അടിത്തറയുണ്ടാക്കാൻ അത്യദ്ധ്വാനം ചെയ്ത കുമാരനെ എങ്ങിനെ മറക്കും. സത്യസന്ധതയിലൂടെ, സുതാര്യമായ പ്രവർത്തനത്തിലൂടെ കുമാരൻ നേതൃത്വ പദവികളിലേക്കു ഉയരുകയായിരുന്നു.
കുമാരന്റെ സംഘാടക വൈഭവവും അന്തസ്സുറ്റ ഇടപെടലുകളും മനസിൽ നിറഞ്ഞു നിൽക്കുന്നു. യൂത്ത് കോൺഗ്രസ്സ് നാദാപുരം നിയോജകമണ്ഡലം അധ്യക്ഷൻ, യു ഡി എഫ്. നാദാപുരം നിയോജകമണ്ഡലം കൺവീനർ, ഡി സി സി അംഗം, സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ്, ഡി കെ ടി എഫ് ജില്ലാ ഉപാധ്യക്ഷൻ, ടെലി ഫോൺ ഉപദേശക സമിതി അംഗം എന്നീ നിലകളിലെല്ലാം തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിച്ചു. ഒടുവിൽ കണ്ടപ്പോൾ കഴിഞ്ഞ കാല സംഭവങ്ങളും, ഞങ്ങൾ തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ആഴവും ചുറ്റും നിന്നവരോട് നിർത്താതെ പറഞ്ഞു കൊണ്ടിരുന്ന പ്രിയപ്പെട്ട കുമാരൻ, നിന്റെ വേർപാട് പ്രസ്ഥാനത്തിനും എനിയ്ക്കും തീരാനഷ്ടമാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ
'അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകം', ആത്മവീര്യം തകര്‍ക്കരുതെന്ന് കെജിഎംസിടിഎ
