മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കൂട്ടിയതും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് തടഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയതോടെ പെരിയാറിന്റെ തീരത്തുള്ളവര്‍ക്കുള്ള രണ്ടാം ജാഗ്രതാനിര്‍ദേശം ഉടന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം. മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കൂട്ടിയതും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് തടഞ്ഞു. കഴിഞ്ഞ ദിവസം മഴ കനത്തതോടെ പെരിയാറിന്റെ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.
കുട്ടനാട്ടില്‍ ആശങ്ക
പമ്പ ഡാം തുറന്നതോടെ കുട്ടനാട്ടില്‍ ആശങ്കയേറുന്നു. മടവീഴ്ചയെ തുടര്‍ന്ന് ദുരിതത്തിലായ കൂടുതല്‍ ഇടങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി തുടങ്ങി. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലാണ് വെള്ളപ്പൊക്ക കെടുതി രൂക്ഷമായിട്ടുള്ളത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബോട്ടുകളും ലോറികളും ചെങ്ങന്നൂരിലും കുട്ടനാട്ടിലും എത്തിച്ചിട്ടുണ്ട്. തോട്ടപ്പള്ളി പൊഴി പൂര്‍ണമായി മുറിച്ചു എങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വെള്ളം ഒഴുകി പോകുന്നതിന്റെ തോത് കുറവാണ്. ചേര്‍ത്തല, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലും മഴക്കെടുതി രൂക്ഷമാണ്. എസി റോഡിലും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലും വെള്ളക്കെട്ട് രൂക്ഷമാണ്.
കോട്ടയത്ത് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു
മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നതോടെ ജില്ലയിലെ താഴ്ന്നപ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുമരകം, വൈക്കം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. പ്രധാന റോഡുകളില്‍ എല്ലാം വെള്ളം കയറിയിട്ടുണ്ട്. എസി റോഡ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കുന്നുണ്ട്. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീട്ടിയതായി കലക്ടര്‍ എം. അഞ്ജന അറിയിച്ചു. ജില്ലയിലെ കാര്‍ഷിക മേഖലയില്‍ പ്രകൃതിക്ഷോഭത്തില്‍ ഇതുവരെ 30.71 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
