Asianet News MalayalamAsianet News Malayalam

Mullaperiyar : മുല്ലപ്പെരിയാർ ജലനിരപ്പ് വീണ്ടും 142 അടിയായി;രണ്ട് ഷട്ടറുകൾ കൂടി തുറന്നു

അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് വീണ്ടും തമിഴ്നാട് അറിയിച്ചു. തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി മാർഗനിർദേശങ്ങൾ പാലിച്ചാകും ജലനിരപ്പ് ഉയർത്തുക. 

mullaperiyar water level rose to 146 feet
Author
Mullaperiyar Dam, First Published Nov 30, 2021, 9:18 PM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർന്നു. സ്പിൽവേ ഷട്ടറുകൾ അടച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.  രാത്രി ഒമ്പതു മണിയോടെ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ നാലു ഷട്ടറുകൾ ആണ് തുറന്നത്. 30 സെന്റിമീറ്റർ വീതമാണ് തുറന്നത്. സെക്കന്റിൽ 1600 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്. 

അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് വീണ്ടും തമിഴ്നാട് അറിയിച്ചു. തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി മാർഗനിർദേശങ്ങൾ പാലിച്ചാകും ജലനിരപ്പ് ഉയർത്തുക. അതിന് മുമ്പ് അണക്കെട്ടിന്റെ ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കും. മുഖ്യമന്ത്രി എം കെ  സ്റ്റാലിനുമായി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിട്ടതില്‍ തമിഴ്നാടിനെ പ്രതിഷേധം അറിയിക്കാനാണ് കേരളത്തിന്റെ തീരുമാനം. കേന്ദ്രജലകമ്മീഷനും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കും പരാതി നൽകുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കൃത്യമായ മുന്നറിയിപ്പില്ലാതെ ഇന്ന് പുലര്‍ച്ചെ  വെള്ളം തുറന്ന് വിട്ടതോടെ പെരിയാറിന്‍റെ തീരത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറന്നത് വിട്ടത് കാരണം കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താൻ കേരളത്തിനായില്ല ..ഈ സാഹചര്യത്തിലാണ് പ്രതിഷേധമറിയിക്കാനുള്ള തീരുമാനം.

ഈ സീസണിൽ ഇന്നാണ് ഏറ്റവും കൂടുതൽ വെള്ളം തമിഴ്നാട് തുറന്നു വിട്ടത്. പത്തു മണിക്കൂറിലധികം ജലനിരപ്പ് 142 അടിക്കു മുകളിൽ നിർത്താൻ തമിഴ്നാടിനു കഴിഞ്ഞു. അണക്കെട്ടിലേക്കുളള നീരൊഴുക്കിൻറെ ശക്തി കുറഞ്ഞതോടെ പന്ത്രണ്ടു മണി മുതൽ ഷട്ടറുകൾ ഓരോന്നായി അടക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ്മു വീണ്ടും ഇപ്പോൾ നാല് ഷട്ടറുകൾ തുറന്നിരിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് വെളളമെത്തിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും പതിയെ ഉയർന്നു തുടങ്ങിയിരുന്നു.  മഴ തുടര്‍ന്നാല്‍ മാത്രം ഇടുക്കി അണക്കെട്ട് തുറന്നാൽമതിയെന്നാണ് കെഎസ്ഇബിയുടെ നിലവിലെ തീരുമാനം.

Follow Us:
Download App:
  • android
  • ios