പുതിയ സത്യവാങ്മൂലത്തിന്റെ അന്തസത്ത എന്താണെന്ന് അറിഞ്ഞ ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാൻ കഴിയൂ
കൊച്ചി: ശബരിമല വിഷയത്തിലെ എംഎ ബേബിയുടെ പ്രസ്താവന സിപിഎമ്മിന്റെ ചുവടു മാറ്റത്തിന്റെ ഭാഗമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രം. സിപിഎമ്മിന്റെ അടവ് തന്ത്രമാണിത്. വിഷയത്തെ ഇത്രയും സങ്കീർണമാക്കിയത് സിപിഎമ്മാണ്. സാമുദായിക വത്കരിക്കാൻ ശ്രമിച്ചത് അവരാണ്. പുതിയ സത്യവാങ്മൂലം എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ സത്യവാങ്മൂലത്തിന്റെ അന്തസത്ത എന്താണെന്ന് അറിഞ്ഞ ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാൻ കഴിയൂ. ശബരിമല വിഷയം രാഷ്ട്രീയമായി യുഡിഎഫ് കാണുന്നില്ല. യുഡിഫ് അധികാരത്തിൽ വന്നാൽ നിയമ നിർമാണം നടത്തുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അത് 100 ശതമാനം നടത്തും. എംഎ ബേബി നടത്തിയതു പോലെയുള്ള വീക്ഷണ വ്യതിയാനം മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷെ ഇത് മനസിലാക്കാൻ സിപിഎമ്മിന് കഴിയാതെ പോയതാണ് അവർക്ക് പറ്റിയ വലിയ തെറ്റെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ഐസക്കിന്റെ ഇന്നത്തെ പ്രസ്താവന ക്രൂരമായിപ്പോയി. ഇത് അദ്ദേഹത്തിന് ഭാഗത്ത് നിന്ന് ഉണ്ടാകരുതായിരുന്നു. നിർഭാഗ്യകരം എന്നേ ഇതിനെ പറയാനുള്ളൂ. പ്രതിപക്ഷം കുത്തിപ്പൊക്കി ഇളക്കി വിടുന്ന രാഷ്ട്രീയ സമരം എന്ന് പറഞ്ഞത് ശരിയല്ല. ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ശ്രമത്തെ നിസാരമായി കാണാൻ പാടില്ല. മുതലാളിത്തത്തിന്റെ പാതയിൽ പോകുന്ന പാർട്ടിയായി സിപിഎം മാറി എന്നതിന്റെ തെളിവാണിത്.
ഇപി ജയരാജനാണ് ബന്ധുവിനെ നിയമിക്കാൻ ശ്രമിച്ചത്. അദ്ദേഹത്തിന് പാവങ്ങളുടെ വികാരം അറിയില്ല. അദ്ദേഹത്തിന്റെ ജീവിതം ഫ്യൂഡൽ തമ്പുരാക്കന്മാരുടെ അവസ്‌ഥയിലാണ്. പാവങ്ങളുടെ കണ്ണീരും കദന കഥയും അദ്ദേഹത്തിന് അറിയില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
