തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍റെ ആശുപത്രിവാസം സംശയകരമെന്ന് മുല്ലപ്പള്ളി. അന്വേഷണത്തില്‍ രക്ഷപെടാനുള്ള തന്ത്രമാണിതെന്ന് മുല്ലപ്പള്ളി പ്രസ്താവനയിലൂടെ പറഞ്ഞു. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വലിയ രഹസ്യങ്ങള്‍ പുറത്തു വരികയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും ജയിലില്‍ പോകേണ്ടിവരികയും ചെയ്യും. അതുകൊണ്ടാണ്  രവീന്ദ്രന് തുടര്‍ച്ചയായി രോഗം പിടിപെടുന്നതായി പറയപ്പെടുന്നത്. സിഎം രവീന്ദ്രന്റെ രോഗാവസ്ഥയെ പറ്റി നിഷ്പക്ഷരായ വിദഗ്ധ അരോഗ്യ സംഘം അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി നോട്ടീസ് നൽകിയതിനു പിന്നാലെ ഇന്നലെയാണ് രവീന്ദ്രൻ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് പ്രവേശിച്ചത്. കൊവിഡാനന്തര പ്രശ്നങ്ങൾ എന്നാണ് വിശദീകരണം. നേരത്തെ രവീന്ദ്രന് നോട്ടീസ് നൽകിയ സമയത്താണ് അദ്ദേഹം കൊവിഡ് പൊസീറ്റിവായി ക്വാറന്‍റീനിൽ പോയത്. രണ്ടാഴ്ചയിലേറെ ക്വാറന്‍റീനിൽ ഇരുന്ന രവീന്ദ്രൻ കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ നിരീക്ഷണവും പൂർത്തിയായ ശേഷമാണ് ചോദ്യം ചെയ്യാൻ ഇഡി വീണ്ടും നോട്ടീസ് നൽകിയത്.