തിരുവനന്തപുരം: 'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യമുയർത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്നും പിആർ ഏജൻസി ഉപയോഗിച്ച് പ്രതിച്ഛായ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. പിആർഡിയെ മറികടന്ന കിഫ്ബിയാണ് പരസ്യം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്കെതിരെയും പ്രചാരണം നടത്തുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിലെ മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും. യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം നൽകും. മേയർമാർ മുൻസിപ്പാലിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അധ്യക്ഷൻമാർ എന്നിവരെ പാർട്ടി തീരുമാനിക്കും. അതിന് മുൻപ് സ്വയം ആരെങ്കിലും ഈ സ്ഥാനം പ്രഖ്യാപിച്ചാൽ അവരെ അയോഗ്യരാക്കും. അവരെ പാർട്ടി തിരിച്ചെടുക്കില്ലെന്നും വിമതരെ പ്രോത്സാഹിപ്പിക്കില്ലെന്നും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ സാമൂഹിക സംഘടനകള്‍ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ധീവരസഭ യുഡിഎഫിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.