Asianet News MalayalamAsianet News Malayalam

'വാക്‌സീന്‍ നയം ജനദ്രോഹ പരിഷ്‌ക്കാരം'; കമ്പനികള്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കുമെന്ന് മുല്ലപ്പള്ളി

കൊവിഡ് രണ്ടാംതരംഗം  തീവ്രതയോടെ രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി വാക്‌സിന്‍ ജനങ്ങളില്‍ എത്തിക്കുകയാണ്  കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ ജനങ്ങളുടെ ജീവന്‍ കയ്യിലിട്ട് പന്താടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Mullappally Ramachandran against central government vaccine policy
Author
Trivandrum, First Published Apr 21, 2021, 5:28 PM IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സീന്‍ നയം ജനദ്രോഹ പരിഷ്‌ക്കാരമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് രണ്ടാംതരംഗം  തീവ്രതയോടെ രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി വാക്‌സീന്‍ ജനങ്ങളില്‍ എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ ജനങ്ങളുടെ ജീവന്‍ കയ്യിലിട്ട് പന്താടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത സമ്മാനിക്കുന്നതാണ് പുതിയ വാക്‌സീന്‍ നയം. ഇതുമൂലം പൊതുവിപണിയില്‍ നിന്നും സംസ്ഥാനങ്ങള്‍ പണം കൊടുത്ത് വാക്‌സീന്‍ വാങ്ങേണ്ട സ്ഥിതിയാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമില്ല. ഇത് പ്രതിഷേധാര്‍ഹമാണ്. വാക്‌സീന്‍ വിതരണത്തിലൂടെ ഇന്ത്യയില്‍ ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് വലിയൊരു വിപണി തുറന്നിട്ടു കൊടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാക്‌സീന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യുന്നതിന് അവസരം സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വാക്‌സീന്‍ നയമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിന്‍ എന്നിങ്ങനെ രണ്ട് വാക്‌സീനുകളാണ് രാജ്യത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഒരു ഡോസ് വാക്‌സീന്‍  250 രൂപയ്ക്ക് ഇതുവരെ ലഭ്യമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സീന്‍ നയപ്രകാരം കോവിഷീല്‍ഡിന്‍റെ ഒരു ഡോസ് ലഭിക്കാന്‍ സര്‍ക്കാര്‍ 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയുമാണ് നല്‍കേണ്ടി വരിക. 

പുതിയ നയം അനുസരിച്ച് മെയ് ഒന്നു മുതല്‍ സ്വകാര്യ ആശുപത്രികളും വാക്‌സീന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങണം. ഇതിന്‍റെ ഫലമായി സ്വകാര്യ ആശുപത്രികളില്‍ വാക്‌സീന്‍ കുത്തിവെപ്പ് നിരക്ക് കുത്തനെ ഉയരും. കൂടാതെ വാക്‌സീന്‍ ക്ഷാമം രാജ്യത്ത് രൂക്ഷമാണ്. കേന്ദ്രസര്‍ക്കാരിന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വാക്‌സീനുകളില്‍ 50 ശതമാനവും കയറ്റുമതി ചെയ്യുകയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

വാക്‌സീന്‍ വിതരണത്തില്‍ കേരളം കടുത്ത അലംഭാവമാണ് കാണിക്കുന്നത്. ആവശ്യമായ വാക്‌സീനുകള്‍ ശേഖരിക്കുന്നതിലും വീഴ്ചവരുത്തി.കേരളത്തിന്‍റെ പല വാക്‌സീന്‍ കേന്ദ്രങ്ങളും ഇപ്പോള്‍ കൊവിഡ് വ്യാപന കേന്ദ്രങ്ങളായി മാറുകയാണ്. അസാധാരണമായ തിക്കും തിരക്കുമാണ് ഇവിടെങ്ങളില്‍ അനുഭവപ്പെടുന്നത്. ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ കേരള സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios