Asianet News MalayalamAsianet News Malayalam

സ്വപ്‌നയുടെ നിയമനം: മുഖ്യമന്ത്രി പറഞ്ഞത് സത്യവിരുദ്ധമെന്ന് മുല്ലപ്പള്ളി

കേസിലെ രണ്ടാം പ്രതി സ്വപ്‌നയുടെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് തികച്ചും സത്യവിരുദ്ധമാണെന്ന്  തെളിയിക്കുന്നതാണ് ചീഫ് സെക്രട്ടറിതല സമിതിയുടെ കണ്ടെത്തലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

mullappally ramachandran against cm pinarayi on gold smuggling case and swapna suresh it job
Author
Thiruvananthapuram Airport Exit Road, First Published Jul 17, 2020, 6:52 PM IST

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ ദിവസവും പറയുന്ന കള്ളങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേസിലെ രണ്ടാം പ്രതി സ്വപ്‌നയുടെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് തികച്ചും സത്യവിരുദ്ധമാണെന്ന്  തെളിയിക്കുന്നതാണ് ചീഫ് സെക്രട്ടറിതല സമിതിയുടെ കണ്ടെത്തലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വപ്നയെ ഐടി വകുപ്പിന് കീഴിലെ സ്‌പേയ്‌സ് പാര്‍ക്ക് ഓപ്പറേഷന്‍സ് മാനേജരായി നിയമിച്ചത് മുന്‍ ഐടി സെക്രട്ടറി  എം.ശിവശങ്കര്‍ ആണെന്നാണ് സമിതി വ്യക്തമാക്കുന്നത്. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ സമിതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
സ്വപ്‌നയുടെ നിയമന വിവാദം ഉയര്‍ന്ന് വന്നപ്പോള്‍ മുതല്‍ അത്തരമൊരു നിയമനം അറിഞ്ഞിട്ടില്ലെന്നാണ് തുടര്‍ച്ചയായി മുഖ്യമന്ത്രി പറഞ്ഞിരുന്നത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടിങ് കമ്പനിയാണ് സ്വപ്‌നയുടെ നിയമനം നടത്തിയതെന്നും ഇതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയടക്കമുള്ള സി.പി.എം നേതാക്കളുടെ വാദം.

മുഖ്യമന്ത്രിയുടെ കള്ളം അദ്ദേഹം നിയമിച്ച ചീഫ് സെക്രട്ടറിതല സമിതി തന്നെ പൊളിക്കുകയാണ്. തുടക്കം മുതല്‍ മുഖ്യമന്ത്രിയുടെ വിശദീകരണവും നടപടികളും സംശയങ്ങള്‍ നിറഞ്ഞതാണ്. സ്വര്‍ണ്ണകള്ളക്കടത്ത് പ്രതികളുമായി അടുത്തബന്ധം സൂക്ഷിച്ച മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമത്തിന് വിട്ടുകൊടുക്കാതെ അവസാനം വരെയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഒടുവില്‍ താന്‍ വീഴാന്‍ പോകുന്നുവെന്ന് കണ്ടപ്പോഴാണ്  പേരിന് ഒരു സസ്‌പെന്‍ഷന്‍ നടപടി ശിവശങ്കറിനെതിരെ സ്വീകരിച്ചത്. രാജ്യദ്രോഹ കുറ്റം ചെയ്തവരെ സഹായിച്ച വ്യക്തിയെ സംരക്ഷിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയ്ക്ക് അധികാരത്തില്‍ തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ച്  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനം ദേശാഭിമാനിയില്‍  പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനത്തിന്റെ ആവര്‍ത്തനം മാത്രമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൊണ്ട് സംഭവിച്ച വീഴ്ചകള്‍ ഇന്‍ലിജെന്‍സ് വിഭാഗത്തിന്റെ പരാജയം കൂടിയാണെന്ന് പാര്‍ട്ടി സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തിലൂടെ കേരളീയ പൊതുസമൂഹത്തിന് ഒരിക്കല്‍ക്കൂടി ബോധ്യപ്പെട്ടു. ഒന്നുകില്‍ ഇന്റലിജെന്‍സ് സംവിധാനം മുഖ്യമന്ത്രിയെ കൃത്യമായി കാര്യങ്ങള്‍ യഥാസമയം ബോധ്യപ്പെടുത്തുന്നില്ല. അഥവാ അവര്‍ ശരിയായ വിവരങ്ങള്‍ നല്‍കിയെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അത് ഗൗനിക്കുന്നില്ല. എങ്ങനെയാലും ഇത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ വീഴ്ച തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്‍.ഐ.എയുടേയും കസ്റ്റംസിന്റേയും അന്വഷണങ്ങള്‍ ശരിയായ ദിശയിലല്ലാ മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും പൂര്‍ണ്ണമായി രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നത്.  തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെ കേരളവും കേന്ദ്രവും അറിയാതെ രക്ഷപ്പെട്ടുയെന്നത് രണ്ടു സര്‍ക്കാരുകളുടേയും ഗുരുതരമായ വീഴ്ചയാണ്. ഇന്റലിജെന്‍സ് സംവിധാനം ശക്തമായിരുന്നു എങ്കില്‍ അദ്ദേഹം നിരീക്ഷണത്തിന് വിധേയമാകുമായിരുന്നു. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ മാത്രമാണ്  മുഖ്യമന്ത്രിയെ സഹായിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തെ തിരിച്ചറിയാന്‍ സാധിക്കാതെ പോയതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

 

Follow Us:
Download App:
  • android
  • ios