Asianet News MalayalamAsianet News Malayalam

നഗ്നനൃത്തം അരങ്ങേറിയത് സര്‍ക്കാര്‍ അറിവോടെയാണോയെന്ന് സിപിഎം വ്യക്തമാക്കണം: മുല്ലപ്പള്ളി

സ്വകാര്യ ക്രഷറിന്റെ ഉദ്ഘാടനത്തിന് സാമൂഹിക അകലം പാലിക്കാതെ നിശാ പാർട്ടി നടത്തിയ സംഭവത്തിൽ സർക്കാറിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രമാമചന്ദ്രൻ.

mullappally ramachandran against cpm in night party and belly dance violation-of covid guidelines
Author
Kerala, First Published Jul 6, 2020, 4:45 PM IST

ഇടുക്കി: സ്വകാര്യ ക്രഷറിന്റെ ഉദ്ഘാടനത്തിന് സാമൂഹിക അകലം പാലിക്കാതെ നിശാ പാർട്ടി നടത്തിയ സംഭവത്തിൽ സർക്കാറിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രമാമചന്ദ്രൻ.  മന്ത്രി എംഎം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയിലെ  രാജപ്പാറയിൽ സ്വകാര്യ റിസോര്‍ട്ടിൽ നടന്ന പാർട്ടി മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടേയും അറിവോടെയായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.  ഇക്കാര്യം സിപിഎം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ലംഘിച്ച് രാത്രിയുടെ അവസാനയാമം വരെ നടന്ന ഈ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി എംഎം മണിയാണ്.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാലുവര്‍ഷത്തിന് ഇടയില്‍ ഇതുപോലെ അനിയന്ത്രിതമായി ക്വാറി ലൈന്‍സ് നല്‍കുകയും മാഫിയാ സംഘങ്ങളുമായി ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത് ഭരണം നടത്തിയ ഒരു കാലം കേരളത്തിലുണ്ടായിട്ടില്ല. 

ഇടുക്കിയില്‍ നടന്നുകൊണ്ടിരിക്കുന്നതെല്ലാം അനധികൃതമായ ഭൂമികയ്യേറ്റവും പ്രകൃതി ചൂഷണവുമാണ്. മന്ത്രി മണിയുടേയും കുടുംബത്തിന്റേയും പേര് ഈ ആരോപണവുമായി പലവട്ടം ഉയര്‍ന്ന് വന്നിട്ടുണ്ട്.  വിവാദ ക്രഷര്‍ യൂണിറ്റ് സ്ഥിതി ചെയ്യുന്നത് റവന്യൂ ഭൂമിയിലാണ്. ജില്ലാ ഭരണകൂടം സ്‌റ്റോപ് മെമ്മോ നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ച ക്രഷർ യൂണിറ്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ട്. 

നഗ്നനൃത്ത പരിപാടികളുടെ ഉദ്ഘാടനം നടത്തി വിവാദ മുതലാളിയില്‍ നിന്ന് ഒരു കോടിരൂപ കൈപ്പറ്റിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലമാണ് ഈ നാണം കെട്ട പരിപാടികളെല്ലാം വൈദ്യുത മന്ത്രിയുടെ നിയോജക മണ്ഡലത്തില്‍ പൊടിപൊടിക്കുന്നതെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണത്രെ വിവാദ ഉടമ. 

ഇത്തരം ക്രിമിനല്‍ സംഘങ്ങളുമായിട്ടാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ബന്ധമുണ്ടന്നത് ലജ്ജാകരമാണ്. കോടികള്‍ നല്‍കിയാല്‍ എന്തു നെറികേടിനും ഒപ്പമുണ്ടാകുമെന്ന അപകടകരമായ സന്ദേശമാണ് ഇതിലൂടെ കേരള സര്‍ക്കാര്‍ നല്‍കിയത്. എംഎല്‍എ പങ്കെടുക്കുകയും  ചില പൊതുപ്രവര്‍ത്തകന്‍മാര്‍ മദ്യപിച്ച് ലക്കുകെട്ട് നര്‍ത്തകിയോടൊപ്പം അഴിഞ്ഞാടുന്നതും വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും മദ്യസല്‍ക്കാരവും നടന്നിട്ടും  പോലീസ് ആദ്യം കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ കൊണ്ടാണോ?. സമൂഹത്തില്‍ നിന്ന് പ്രതിഷേധം ശക്തമായ ശേഷമാണ് കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമായതെന്നത്  ഞെട്ടിക്കുന്നതാണ്. 

ഈ സംഭവത്തെ കുറിച്ച്  അടിയന്തിരമായി അന്വേഷിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ടോമി കല്ലാനി, റോയി പൗലോസ്, ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios