സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് അച്ചടക്കലംഘനമെന്നും മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.
കോഴിക്കോട്: ഐഎൻടിയുസിക്കെതിരെ (INTUC) കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ (Mullappally Ramachandran). സിഐടിയുമായി ചേർന്ന് ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചത് ശരിയല്ല. സത്യം പറയുന്ന മാധ്യമങ്ങളുടെ വാ മൂടി കെട്ടുന്നത് സാംസ്കാരിക ഫാസിസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് അച്ചടക്കലംഘനമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൻമാർക്ക് അച്ചടക്കം പ്രധാനമാണ്. സിപിഎമ്മുമായി നേർക്കുനേർ യുദ്ധം നടക്കുകയാണ്. ആ സമയത്ത് സെമിനാറിൽ പങ്കെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
കെപിസിസി ഊരുവിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാവ് കെ വി തോമസ് പാർട്ടി കോൺഗ്രസില്‍ പങ്കെടുക്കുമെന്ന് സിപിഎം അറിയിച്ചതിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിമര്‍ശനം. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് എം വി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാം എതിർക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യം എന്ന തോമസിന്റെ നിലപാടാണ് ശരി. പാർട്ടി കോൺഗ്രസ് സെമിനാറും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നത്. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് കെ വി തോമസിന്‍റെ ഓഫീസ് അറിയിക്കുന്നത്.
പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. പക്ഷേ, പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എഐസിസി തീരുമാനപ്രകാരമായിരിക്കുമെന്ന് കെ വി തോമസ് പ്രതികരിച്ചു. സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കത്ത് പാർട്ടി അദ്ധ്യക്ഷയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. മറുപടി അനുസരിച്ച് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കി.
നേരത്ത, എഐസിസി നേതൃത്വത്തിന്‍റെ അഭിപ്രായ പ്രകാരം സിപിഎം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ നിന്നും പിന്മാറുന്നതായി കോൺഗ്രസ് എംപി ശശി തരൂർ അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തിൻ്റെ വികാരം മാനിച്ച് സെമിനാറിൽ പങ്കെടുക്കരുതെന്നാണ് സോണിയ ഗാന്ധി തരൂരിനോടും കെ വി തോമസിനോടും നിർദേശിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് തരൂർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിലക്ക് സംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിൻ്റെയും കെ വി തോമസിന്‍റെയും പ്രതികരണം.
Also Read: വിവാദങ്ങളിൽ അതൃപ്തി പരസ്യമാക്കി തരൂർ: സെമിനാറിൽ പങ്കെടുക്കില്ലെന്ന് സിപിഎം നേതാക്കളെ അറിയിച്ചു
പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കാണ് ശശി തരൂരിനെയും കെവി തോമസിനെയും സിപിഎം ക്ഷണിച്ചത്. സിൽവർ ലൈനിൽ സർക്കാറിനെതിരെ കോൺഗ്രസ് കടുത്ത സമരം നടത്തുമ്പോൾ സിപിഎം പരിപാടിയിൽ പാർട്ടി നേതാക്കൾ പോകേണ്ടെന്നാണ് കെപിസിസി തീരുമാനം. കെ സുധാകരൻ ഇക്കാര്യത്തിൽ കർശന നിലപാട് എടുത്തെങ്കിലും എഐസിസിയുടെ നിലപാടിനായി കാത്തിരിക്കുകയായിരുന്നു തരൂരും തോമസും.
