Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണക്കടത്ത്‌; അന്വേഷണം ഉന്നതരിലേക്ക്‌ നീളാതിരിക്കാന്‍ ശ്രമമെന്ന് മുല്ലപ്പള്ളി

കേസില്‍ എല്‍ഡിഎഫ്‌ എംഎല്‍എയുടെ പേരുകൂടി പുറത്ത്‌ വന്നതോടെ ആരുടെ ചങ്കിടിപ്പാണ്‌ വര്‍ധിക്കുന്നതെന്ന്‌ കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. 

mullappally ramachandran against pinarayi government
Author
Thiruvananthapuram, First Published Oct 26, 2020, 4:36 PM IST

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത്‌ കേസിന്‍റെ അന്വേഷണം ഉന്നതരിലേക്ക്‌ എത്താതിരിക്കാനുള്ള നീക്കമാണ്‌ അണിയറയില്‍ നടക്കുന്നതെന്ന് ‌കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസില്‍ എല്‍ഡിഎഫ്‌ എംഎല്‍എയുടെ പേരുകൂടി പുറത്ത്‌ വന്നതോടെ ആരുടെ ചങ്കിടിപ്പാണ്‌ വര്‍ധിക്കുന്നതെന്ന്‌ കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന്‌ മുല്ലപ്പള്ളി പറഞ്ഞു. അതുകൊണ്ടാണ്‌ സിബിഐ അന്വേഷണം മുന്‍കാല പ്രാബല്യത്തോടെ തടയാന്‍ സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലേക്കാണോ പോകുന്നതെന്ന്‌ സംശയിക്കേണ്ടിരിക്കുന്നു. സ്വര്‍ണ്ണക്കടത്ത്‌ കേസിലെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറിയെ കസ്റ്റഡിയിലെടുക്കാത്തതും ലൈഫ്‌ മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ ഈ പദ്ധതിയുടെ ചെര്‍മാന്‍കൂടിയായ മുഖ്യമന്ത്രിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാത്തതും അതിന്‌ ഉദാഹരണമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു‌.

സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ഇതുവരെ നടന്ന അന്വേഷണത്തില്‍ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യാനുള്ള എല്ലാ തെളിവുകളും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക്‌ ലഭിച്ചിരുന്നെങ്കിലും അവര്‍ അതിന്‌ തയ്യാറായില്ല. മാത്രമല്ല അദ്ദേഹത്തിന്‌ മുന്‍കൂര്‍ ജാമ്യം തേടാനുള്ള അവസരവും നല്‍കി. വിദേശനാണയ വിനിമയ ക്രമക്കേട്‌ കൃത്യമായി കണ്ടെത്തിയ ലൈഫ്‌ മിഷന്‍ കേസിലും നിയമപോരാട്ടത്തിന്‌ കളമൊരുക്കി പദ്ധതി ചെയര്‍മാനായ മുഖ്യമന്ത്രിക്ക്‌ രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്‌ കേന്ദ്ര ഏജന്‍സികള്‍ ചെയ്‌തതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ഒറ്റപ്പെട്ട ചില അറസ്റ്റുകള്‍ ഒഴിച്ചാല്‍ അന്വേഷണം ഉന്നതരിലേക്ക്‌ നീങ്ങുന്നില്ല. കൊടുവള്ളി എംഎല്‍എക്കെതിരായ മൊഴി ഉണ്ടായിട്ടും അതേകുറിച്ച്‌ അന്വേഷിക്കാനോ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ കസ്റ്റംസ്‌ തയ്യാറാകാത്തതും ബിജെപിയും സിപിഎമ്മും ദേശീയതലത്തില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്‌. ഭരണതലത്തില്‍ സംഭവിക്കുന്ന ജീര്‍ണ്ണത അന്വേഷണ ഏജന്‍സികളെയും ബാധിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ നടപടിക്രമങ്ങളില്‍ നിന്ന്‌ അന്വേഷണ ഏജന്‍സികള്‍ പിന്നോട്ട്‌ പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Follow Us:
Download App:
  • android
  • ios