കോഴിക്കോട്:  സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ക്വാറികൾക്ക്  വീണ്ടും അനുമതി നൽകിയതിലൂടെ നാടു നശിച്ചാലും സര്‍ക്കാര്‍ സ്വകാര്യ ക്വാറി മാഫിയയുടെ കുടെയാണെന്ന് വ്യക്തമായി. ആഭ്യന്തര വകുപ്പ് ക്രമക്കേടുകളുടെ കൂത്തരങ്ങായി മാറിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ഡാം മാനേജ്മെന്‍റിലെ പരാജയമായിരുന്നു 2018ലെപ്രളയത്തിനു കാരണം. ഇതിനു ശേഷവും സര്‍ക്കാര്‍ മുന്‍കരുതലെടുത്തില്ല. ക്വാറി നടപടിക്രമങ്ങൾ ഇടതു സർക്കാർ ലഘൂകരിച്ചു. ഇതാണ് വീണ്ടും പ്രകൃതി ദുരന്തമുണ്ടാകാന്‍. കാരണം.

സംസ്ഥാനത്തെ സമാധാനപൂര്‍ണമായ നിയമവാഴ്ച തകര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍ബലനായ ആഭ്യന്തര മന്ത്രിയാണ്. അഭിമന്യു വധക്കേസിലെ മുഴുവൻ  പ്രതികളെയും പിടിക്കാന്‍ പോലും പൊലീസിനായിട്ടില്ല. സിപിഎമ്മിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന പൊലീസായി കേരള പൊലീസിനെ മാറ്റി. പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവും.

ശബരിമല വിഷയത്തില്‍  മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും രണ്ട് നിലപാടാണുള്ളത്. ഇനിയെങ്കിലും ഇവർ പാർട്ടി നിലപാട് വ്യക്തമാക്കണം. പാലായിലെ ജനവിധി സർക്കാരിന് അനുകൂലമാവുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഫലം മറിച്ചായാൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുഡിഎഫിന്‍റെ രാപകല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.