തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയുടെ മഹത്വം മനസിലാക്കി മാന്യമായി പെരുമാറാൻ പിണറായി ശ്രമിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതിഥി തൊഴിലാളികൾക്ക് മടക്കത്തിനുളള ടിക്കറ്റ് തുക നൽകാനുള്ള കോൺഗ്രസ് തീരുമാനത്തെ തികഞ്ഞ പരിഹാസത്തോടെയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ സ്വഭാവം ഒട്ടും മാറിയിട്ടില്ല എന്നതിന് തെളിവാണിത്. സംസ്ഥാനത്തെ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയുടെ കാരണം സര്‍ക്കാരിന്‍റെ ധൂര്‍ത്താണെന്നും മുല്ലപ്പള്ളി ആരോപിച്ചു. അതിഥി തൊഴിലാളികള്‍ക്കുള്ള പണം നല്‍കാനെത്തിയ  കോൺഗ്രസുകാരോട് തിരുവനന്തപുരം കളക്ടറും തികച്ചും മോശമായാണ് പെരുമാറിയത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിലും കളക്ടർ തുക വാങ്ങിയില്ല. എന്തുകൊണ്ട് തുക വാങ്ങുന്നില്ല എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

എറണാകുളത്തും കോണ്‍ഗ്രസ് നല്‍കിയ പണം നിഷേധിച്ച് ജില്ലാകളക്ടര്‍, ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

കോൺഗ്രസ് നൽകിയ അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി നേരത്തെ ആലപ്പുഴ,എറണാകുളം കളക്ടർമാർ നിരസിച്ചിരുന്നു. പണം വാങ്ങാൻ സർക്കാർ അനുമതിയില്ലെന്നാണ് വിശദീകരണം. കോൺഗ്രസ് നേതാക്കളെ കാണാൻ പോലും തിരുവനന്തപുരം കളക്ടർ കൂട്ടാക്കിയിരുന്നില്ല. അതിഥി സംസ്ഥാന തൊഴിലാളികളുടെ  യാത്രക്കാർക്കായി 10 ലക്ഷം രൂപയുടെ ചെക്കുമായാണ് തിരുവനന്തപുരം കളക്ടറെ കാണാൻ കെപിസിസി, ഡിസിസി ഭാരവാഹികളെത്തിയത്. എന്നാല്‍ ഒരു മണിക്കൂറോളം കാത്തിരുന്ന കോൺഗ്രസ്‌ നേതാക്കളുടെ മുന്നിലൂടെ കളക്ടർ ഇറങ്ങി പോകുകയായിരുന്നു.