Asianet News MalayalamAsianet News Malayalam

മറുനാടന്‍ മലയാളികളുടെ മടക്കം; മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയില്ല, കുറ്റകരമായ അനാസ്ഥയെന്ന് മുല്ലപ്പള്ളി

അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ക്ക് പോലും വാഹനസൗകര്യം ഒരുക്കി നല്‍കാത്ത മുഖ്യമന്ത്രിയാണ് വൈകുന്നേരങ്ങളില്‍ ടി.വി. ഷോ നടത്തി ജനങ്ങള്‍ക്ക് സാരോപദേശം നല്‍കുന്നതെന്ന് മുല്ലപ്പള്ളി

mullappally ramachandran criticize pinarayi vijayan
Author
Kozhikode, First Published May 7, 2020, 6:00 PM IST

കോഴിക്കോട്: ലോക്ക് ഡൗണിന തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന  മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ പൗരന്‍മാരെ തിരികെ അതത് സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും ജാഗ്രതയും കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

വിദ്യാര്‍ത്ഥികള്‍, ജോലിതേടിപ്പോയവര്‍,രോഗികള്‍ ബിസ്സിനസ് ഉള്‍പ്പടെയുള്ള മറ്റാവശ്യങ്ങള്‍ക്കായിപ്പോയ പതിനായിരകണക്കിന് പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുന്നത്. പൊതുഗതാഗതം അനുവദനീയമല്ലാത്തതിനാല്‍ ഇവര്‍ക്ക് സ്വമേധയാ കേരളത്തിലെത്താന്‍ സാധ്യമല്ല.  പ്രത്യേക ട്രെയിന്‍, ബസ്സുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ്  ഓരോ സംസ്ഥാനവും അവരുടെ പൗരന്‍മാരെ മടക്കി കൊണ്ടുപോകുന്നത്. മലയാളികളെ തിരികെയെത്തിക്കാന്‍ പ്രത്യേക ട്രെയിനിനായുള്ള ശക്തമായ സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാരില്‍ ചെലുത്തുന്നകാര്യത്തില്‍ കേരള സര്‍ക്കാരിന് അക്ഷന്ത്യവമായ  വീഴ്ചയാണുണ്ടായതെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഒരു വഴിപാടെന്നപോലെ  മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. അതിനപ്പുറം ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ല. കൊവിഡ് രോഗം പടര്‍ന്നു പിടിക്കുന്ന മഹാരാഷ്ട്ര,ദില്ലി, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ വലിയ ഭീതിയിലും ആശങ്കയിലുമാണ്. ഇവിടങ്ങളിലെ മലയാളികളെ എത്രയും വേഗം തിരികെയെത്തിക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത്. കേരളമൊഴികെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ അവരുടെ പൗരന്‍മാരെ വിവിധ സംസ്ഥാനങ്ങളില്‍  നിന്നും തിരികെ കൊണ്ടുപോകുന്ന കാര്യത്തില്‍ മാതൃകപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

ഭയാനകമായി രോഗം വ്യാപിക്കുന്ന അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നും പോലും മലയാളികളെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായി പ്രത്യേക ബസ്സ് സര്‍വീസ് നടത്താനുള്ള വിവേചന ബുദ്ധിപോലും മുഖ്യമന്ത്രി കാണിക്കുന്നില്ല.ഇതില്‍ നിന്നുതന്നെ മുഖ്യമന്ത്രിക്ക് മറുനാടന്‍ മലായളികളോടുള്ള ആത്മാര്‍ത്ഥതയില്ലായ്മ പ്രകടമാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇവരെ സുരക്ഷിതമായി തിരികെയെത്തിക്കാവുന്നതാണ്. അതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

സ്വന്തം നിലയ്ക്കാണ് പലരും ഇപ്പോള്‍ കേരള അതിര്‍ത്തിവരെ എത്തുന്നത്. ഇത് കടുത്ത സാമ്പത്തിക ബാധ്യയുണ്ടാക്കുന്നുണ്ട്. കേരളത്തിലെത്തിയാലും സ്വന്തം വീടുകളിലേക്ക് പോകണമെങ്കില്‍ സ്വകാര്യ വാഹനങ്ങളെ തന്നെ ആശ്രയിക്കണമെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ക്ക് പോലും വാഹനസൗകര്യം ഒരുക്കി നല്‍കാത്ത മുഖ്യമന്ത്രിയാണ് വൈകുന്നേരങ്ങളില്‍ ടി.വി. ഷോ നടത്തി ജനങ്ങള്‍ക്ക് സാരോപദേശം നല്‍കുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

 ജോലി നഷ്ടപ്പെട്ടവരും അസുഖബാധിതരുമായ ധാരാളം മലയാളികള്‍ ഇതരസംസ്ഥാനങ്ങളിലുണ്ട്. അതില്‍ ഭക്ഷണവും മരുന്നും കിട്ടാത്തവരുമുണ്ട്. പ്രത്യേക ട്രെയിന്‍ സര്‍വീസെന്ന ആവശ്യം നേടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ ഇപ്പോള്‍ അതിഥി തൊഴിലാളികളുമായി വിവിധ സംസ്ഥാനങ്ങളിലേക്ക്  പോയിരിക്കുന്ന ട്രെയിനുകള്‍ മടങ്ങിവരുമ്പോള്‍ അതില്‍ മലയാളികളെ കൊണ്ടുവരാനെങ്കിലും നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios