തിരുവനന്തപുരം: പി എസ് സി പരീക്ഷാക്രമക്കേടില്‍ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പരീക്ഷാക്രമക്കേടില്‍ നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യം ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ തന്നെ ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാരിന് മംഗളപത്രം എഴുതുന്ന ഉദ്യോഗസ്ഥരെ വച്ചുള്ള അന്വേഷണത്തിലൂടെ പി എസ് സിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിയില്ലെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും മുല്ലപ്പള്ളി പ്രസ്താവനയിലൂടെ പറഞ്ഞു.

അന്വേഷണം ഏതുവിധേനയും അവസാനിപ്പിച്ച് സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന് സഹായകമായ റിപ്പോര്‍ട്ടാണ് അവരുടേത്. റാങ്ക് പട്ടികയില്‍ ഇടം നേടിയ മൂന്ന് പേരെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് നിയമനം നല്‍കുന്നതിന് തടസ്സമില്ലെന്ന് ക്രൈംബ്രാഞ്ച് പറയുമ്പോഴും ക്രമക്കേട് നടത്തിയതില്‍ കൂടുതല്‍ പേര് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പി എസ് സി ചെയര്‍മാന്‍ തന്നെയാണ് പറയുന്നത്. റാങ്ക് ലിസ്റ്റിലെ ആദ്യ 100 പേരെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന പി എസ് സി ചെയര്‍മാന്‍റെ കത്ത് പൂഴ്ത്തിവയ്ക്കാനുള്ള കാരണം എന്താണെന്ന് വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കുറ്റം ചെയ്യാത്ത ഒരു ഉദ്യോഗാര്‍ത്ഥിക്കും ഇതുസംബന്ധമായ ഒരു ബുദ്ധിമുട്ടുണ്ടാക്കാന്‍ പാടില്ല. എന്നാല്‍ ക്രമക്കേടിലൂടെ അനര്‍ഹമായി റാങ്ക് പട്ടികയില്‍ കയറിക്കൂടിയ എല്ലാവരെയും കണ്ടെത്തുകയും പുറത്താക്കുകയും ചെയ്യണം. അതാണ് നീതി. അത്തരം അനര്‍ഹരെ പൂര്‍ണ്ണമായും കണ്ടെത്തുന്ന കാര്യത്തില്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ആയിരകണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയും ആശ്രയവുമായ പി എസ് സിയുടെ വിശ്വാസ്യതയാണ് ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടത്. ഭരണഘടനാ സ്ഥാപനമായ പി എസ് സിയെ മുച്ചൂടും തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ യു ഡി എഫിന്‍റെ യുവജനവിഭാഗങ്ങളുടെ സംയുക്തമായ പ്രക്ഷോഭ പരിപാടികള്‍ വരാന്‍ പോകുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.