Asianet News MalayalamAsianet News Malayalam

കാര്‍ഷികബില്ല്‌: സുപ്രീംകോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ നീക്കം കര്‍ഷകരെ കബളിപ്പിക്കാന്‍: മുല്ലപ്പള്ളി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച്‌ കെപിസിസി ആഹ്വാന പ്രകാരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 26ന്‌ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി

Mullappally Ramachandran criticize state government on agriculture bill
Author
Trivandrum, First Published Sep 23, 2020, 4:42 PM IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള കേരള സര്‍ക്കാരിന്‍റെ നീക്കം കര്‍ഷകരെ കബിളിപ്പിക്കാനെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇടതുപക്ഷം കര്‍ഷകര്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ഒന്നും ചെയ്തില്ലെന്നാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച്‌ കെപിസിസി ആഹ്വാന പ്രകാരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 26ന്‌ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളിയുടെ വാക്കുകള്‍

അധികാരത്തിലെത്തിയ നാള്‍മുതല്‍ ഇന്നുവരെ കര്‍ഷകവിരുദ്ധ നടപടികളാണ്‌ കേരള സര്‍ക്കാര്‍ കൈക്കൊണ്ടത്‌ . കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ കര്‍ഷകരോട്‌ ഒരു പ്രതിബദ്ധതയുമില്ല.സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ്‌ കണ്‍കറന്‍റ് ലിസ്റ്റില്‍പ്പെടുന്ന കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ബില്ല്‌ രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്‌. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. കര്‍ഷകര്‍ക്ക്‌ മോഹന വാഗ്‌ദാനങ്ങളാണ്‌ ഇടതുപക്ഷം നല്‍കിയത്‌. അതില്‍ ഒന്നു പോലും പാലിക്കാന്‍ അവര്‍ക്കായില്ല. കൃഷിക്കാരോട്‌ അല്‍പ്പംപോലും കരുണയില്ലാത്ത സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നത്‌.

കഴിഞ്ഞ രണ്ടു പ്രളയങ്ങളില്‍ കേരളത്തില്‍ 17000 കോടിയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്നാണ്‌ വിലയിരുത്തുന്നത്‌. നാശനഷ്ടം കണക്കാക്കി അവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. കൊവിഡ് കാലത്ത്‌ പോലും കൃഷിക്കാര്‍ക്ക്‌ ധനസഹായം നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാരാണ്‌ കര്‍ഷക പ്രേമം ഉയര്‍ത്തിക്കാട്ടി ഇപ്പോള്‍ നിയമപോരാട്ടത്തിന്‌ തയ്യാറെടുക്കുന്നത്‌. കര്‍ഷകരോട്‌ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കര്‍ഷക വിരുദ്ധ നിലപാടാണ്‌ മോദി സര്‍ക്കാരും കാട്ടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൃഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ഇരുസര്‍ക്കാരുകളും ഇതുവരെ ശ്രമിച്ചിട്ടില്ല. കാര്‍ഷിക കടം എഴുതിത്തള്ളാന്‍ ഒരു നടപടിയും ഇരുസര്‍ക്കാരും സ്വീകരിച്ചിട്ടില്ല. യുപിഎ സര്‍ക്കാര്‍ 72000 കോടി രൂപയുടെ കാര്‍ഷിക കടമാണ്‌ എഴുതി തള്ളിയത്‌. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മൊറട്ടോറിയം കാലാവാധി നീട്ടി നല്‍കിയെങ്കിലും ആ കാലയളവിലെ പലിശ തിരിച്ചടക്കേണ്ട ഗതികേടിലാണ്‌ കര്‍ഷകര്‍. കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ കടന്നു കയറാനും സ്വാധീനം ഉറപ്പിക്കാനുമുള്ള കുറുക്കുവഴിയാണ്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്‌. കര്‍ഷകരെ ചൂഷണം ചെയ്യുന്നതിലും ഇടത്തട്ടുകാരെ പ്രോത്സാഹിപ്പിക്കുന്നതിലും വിലപേശല്‍ ശക്തി കുറയ്‌ക്കുന്നതിലും ഇരു സര്‍ക്കാരുകളും മത്സരിക്കുകയാണ്‌. ഇത്‌ രാജ്യതാല്‍പ്പര്യത്തിന്‌ വിരുദ്ധമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച്‌ കെപിസിസി ആഹ്വാന പ്രകാരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 26ന്‌ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Follow Us:
Download App:
  • android
  • ios