Asianet News MalayalamAsianet News Malayalam

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും എന്ന സത്യം ജലീൽ മറക്കരുത്; മുഖ്യമന്ത്രി പ്രതികരിക്കണം: മുല്ലപ്പള്ളി

സമൂഹത്തോട് പച്ചക്കള്ളം പറയുകയും  അതിനെ ന്യായീകരിക്കാന്‍ ശ്രിക്കുകയുമാണ് ജലീല്‍. അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran on kt jaleel controversy
Author
Thiruvananthapuram, First Published Sep 12, 2020, 2:57 PM IST

തിരുവനന്തപുരം: സത്യം ജയിക്കുമെന്ന് പറഞ്ഞ കെ ടി ജലീല്‍, പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും എന്ന സത്യം വിസ്മരിക്കരുതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കാന്‍ തയ്യാറാകണം. സമൂഹത്തോട് പച്ചക്കള്ളം പറയുകയും  അതിനെ ന്യായീകരിക്കാന്‍ ശ്രിക്കുകയുമാണ് ജലീല്‍. അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. ഒന്നും ഒളിക്കാനില്ലെന്നും തന്റെ കൈശുദ്ധമാണെന്നും പറഞ്ഞ മന്ത്രി ജലീല്‍ ആദ്യം എന്തിനാണ് കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ലെന്ന ശുദ്ധനുണ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. വിദേശ എംബസികളുമായി മന്ത്രിമാര്‍ക്ക് നേരിട്ട് ബന്ധപ്പെടാന്‍ സ്വാതന്ത്ര്യമില്ലെന്ന് ഇരിക്കെ പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സുലേറ്റുമായി ഇടപെട്ടതും സഹായം സ്വീകരിച്ചതും ഗുരുതരമായ തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിന്റെ  വിശദീകരണം അവിശ്വസനീയമാണ്. തുടക്കം മുതല്‍ വിവാദങ്ങളുടെ തോഴനാണ് മന്ത്രി.

രാജദ്രോഹ കുറ്റകൃത്യമായ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘത്തിന് സഹായകരമായ നിലപാട് മന്ത്രി സ്വീകരിച്ചിട്ടുണ്ടോയെന്നതാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.  ഇത്തരമൊരു കുറ്റകൃത്യത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിയാണ് മന്ത്രി.അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്.

പ്രോട്ടോക്കോള്‍ ഓഫീസറെ ഒഴിവാക്കിയും ചട്ടം ലംഘിച്ചും യുഎഇ കോണ്‍സുലേറ്റില്‍ മന്ത്രി സ്വകാര്യ സന്ദര്‍ശനം നടത്തിയതും ദൂരുഹമാണ്. കൂടാതെ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ടാക്‌സ് എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ  എക്‌സ്സൈസ്, കസ്റ്റംസ് ഡ്യൂട്ടി വ്യാജരേഖകള്‍ ഹാജരാക്കിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിരിക്കുന്നതെന്നാണ് വിവരം.  ഒരു മന്ത്രി തന്നെ വ്യാജരേഖ സമര്‍പ്പിച്ച് നികുതി ഇളവ് തേടിയെന്നത് ഞെട്ടിക്കുന്ന കണ്ടെത്തലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Follow Us:
Download App:
  • android
  • ios