തിരുവനന്തപുരം: സർക്കാരിനെതിരായ പ്രതിഷേധ സമരം നിർത്തി വച്ച കോൺ​ഗ്രസ് തീരുമാനത്തെ വിമർശിച്ച കെ മുരളീധരന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സമരം അവസാനിപ്പിച്ചതിൽ തെറ്റില്ല എന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. സംസ്ഥാനത്തിൻ്റെ പൊതുതാത്പര്യം മാനിച്ചായിരുന്നു തീരുമാനം. ആരെയും ഭയപ്പെടുന്നില്ല. അങ്ങനെ കരുതുന്നവർക്ക് തെറ്റി. സംഘടനാപരമായ വിവാദങ്ങൾക്കില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

എം പിമാർ നിഴൽ യുദ്ധം നടത്തരുത്. സംയമനവും അച്ചടക്കവും പാലിക്കണം. അപസ്വരങ്ങൾ പാർട്ടി പ്രവർത്തകരെ ബാധിക്കില്ല. മുരളീധരൻ കൺവീനറാകാൻ താത്പര്യം പ്രകടിപ്പിച്ചതായി അറിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രചരണ സമിതിയുടെ പ്രസക്തി കഴിഞ്ഞു. കൂട്ടായ ചർച്ചയില്ലെന്ന മുരളിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ തുടരെയുള്ള ആക്ഷേപത്തിൻ്റെ പശ്ചാത്തലത്തിലാണ് സമരം നിർത്താനുള്ള തീരുമാനം സ്വീകരിച്ചത്. അതിന് രാഷ്ട്രീയ കാര്യ സമിതി ചേരുന്നത് പ്രായോഗികമല്ല. ഗ്രൂപ്പിനതീതമായ സഹകരണം പാർട്ടിയിൽ നിന്ന് കിട്ടുന്നുണ്ട്. അനുകൂല സാഹചര്യം ആരും നശിപ്പിക്കരുത്.  പരസ്യ പ്രസ്താവന വിലക്കുന്ന നടപടിയല്ല പരിഹാരം. കേന്ദ്ര നേതൃത്യം എല്ലാം നിരീക്ഷിക്കുന്നുണ്ട്. മുരളിയുമായി അടുത്ത ബന്ധമാണ് തനിക്കുള്ളത്. വ്യക്തിപരമായി പരാതി ഉണ്ടാകാനിടയില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

സമരം നിർത്തുകയല്ല, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സമരരീതിയിലേക്ക് പാ‍ർട്ടി മാറുകയാണ് ചെയ്യേണ്ടിയിരുന്നതെന്നാണ് മുരളീധരൻ നേരത്തെ അഭിപ്രായപ്പെട്ടത്. ഇതിപ്പോൾ പേടിച്ചു സമരം നിർത്തി എന്ന അവസ്ഥയായി. പാ‍ർട്ടിയിലേക്ക് തന്നെ മടക്കികൊണ്ടു വരാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രനുമായി തനിക്ക് നല്ല ബന്ധമുണ്ട്. പാ‍ർട്ടിക്കുള്ളിൽ ആവശ്യമായ കൂടിയാലോചനയില്ല. പാ‍ർട്ടിയുടെ രാഷ്ട്രീയകാര്യസമിതിയിൽ തുടർന്നും താനുണ്ടാവുമെന്നും മുരളീധരൻ വ്യക്തമാക്കി. കെപിസിസി പുനസംഘടനയിൽ തൻ്റെ കൂടെയുള്ളവ‍ർ തീ‍ർത്തും അവ​ഗണിക്കപ്പെട്ടെന്നും മുരളി തുറന്നടിച്ചിരുന്നു.

മാസങ്ങൾക്കുള്ളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളിയ  കെ മുരളീധരൻ, എംപിമാ‍ർ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്നും താൻ ഉടനെ കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നില്ലെന്നും  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രചാരണസമിതി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള കെ മുരളീധരൻ്റെ നാടകീയ രാജി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള മുന്നൊരുക്കമാണെന്ന തരത്തിൽ ച‍ർച്ചകൾ ഉണ്ടായിരുന്നു. വട്ടിയൂ‍ർക്കാവിൽ തനിക്ക് നിരവധി വ്യക്തിബന്ധങ്ങളുണ്ട്. അതിനാൽ തന്നെ ഇവിടെ തൻ്റെ സ്ഥിരം സാന്നിധ്യമുണ്ടാവും. നേരത്തെയുള്ള പുനസംഘടനയിൽ യുഡിഎഫ് കൺവീന‍ർ സ്ഥാനം താൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ പ്രചരണസമിതി എന്ന സ്ഥിരം സമിതിയുടെ സാരഥ്യം ഏറ്റെടുക്കാനാണ് പാർട്ടി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.