Asianet News MalayalamAsianet News Malayalam

നിയമസഭാ സമ്മേളനം നടത്താൻ തയ്യാറാകാത്ത മുഖ്യമന്ത്രി സത്യത്തെ ഭയപ്പെടുന്നു: മുല്ലപ്പള്ളി

 നിയമസഭയില്‍ കുറ്റവിചാരണ ചെയ്യപ്പെടുമെന്ന്  മുഖ്യമന്ത്രിയ്ക്ക് അറിയാം. മുഖ്യമന്ത്രിയുടെ തുടരെത്തുടരെയുള്ള വിദേശയാത്രക്കളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരം കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ ശേഖരിച്ചിട്ടുണ്ട്. 

mullappally ramachandran response against pinarayi vijayan niyamasabha meeting
Author
Trivandrum, First Published Jul 23, 2020, 4:43 PM IST

തിരുവനന്തപുരം: കുറ്റവിചാരണ ചെയ്യപ്പെടുമെന്ന ഭയം കാരണമാണ് നിയമസഭാ സമ്മേളനം ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി സത്യത്തെ ഭയപ്പെടുന്നത് കൊണ്ടാണ് സഭാസമ്മേളനം മാറ്റാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തത്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് മുതൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയും തുടര്‍ന്നുണ്ടായ കണ്‍സള്‍ട്ടന്‍സി കരാറുകളും വരെ ഞെട്ടിപ്പിക്കുന്ന അഴിമതി ആരോപണങ്ങൾ സഭാ സമ്മേളനം നടന്നിരുന്നെങ്കിൽ തുറന്നുകാട്ടപ്പെടുമായിരുന്നു. 

എല്ലാ വിവാദങ്ങളുടെയും പ്രതിനായകന്‍ മുഖ്യമന്ത്രിയാണ്. നിയമസഭയില്‍ കുറ്റവിചാരണ ചെയ്യപ്പെടുമെന്ന്  ആരെക്കാളും നന്നായി മുഖ്യമന്ത്രിയ്ക്ക് അറിയാം. മുഖ്യമന്ത്രിയുടെ തുടരെത്തുടരെയുള്ള വിദേശയാത്രക്കളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരം ഇതിനകം കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ ശേഖരിച്ചിട്ടുണ്ട്. ചട്ടങ്ങളും കീഴ് വഴക്കങ്ങളും എല്ലാം കാറ്റില്‍പ്പറത്തി നടത്തിയ ഈ അഴിമതികളെക്കുറിച്ചുള്ള സകല വസ്തുതകളും കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും എന്തുകൊണ്ടാണ് അന്വേഷണവുമായി മന്ദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്നത് ദുരൂഹമാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. 

സ്വര്‍ണ്ണകള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന പത്തു കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഒരു കാരണവുമില്ലാതെ സ്ഥലം മാറ്റാൻ ശ്രമിച്ചത്. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ സ്ഥലം മാറ്റല്‍ നടപടി ക്രമവിരുദ്ധമാണ്. അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലെത്തിയപ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇതിന് പിന്നില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios