Asianet News MalayalamAsianet News Malayalam

പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് ജയിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് മുല്ലപ്പള്ളി

തികഞ്ഞ ഐക്യത്തോടെയാകും കോൺ​ഗ്രസ് പ്രവർത്തിക്കുകയെന്നും കോടിയേരിയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

mullappally ramachandran response for pala by election
Author
Thiruvananthapuram, First Published Aug 25, 2019, 4:07 PM IST

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്‌സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇത്തവണയും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും. കേരളത്തില്‍ അത് ചരിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

തികഞ്ഞ ഐക്യത്തോടെയാകും കോൺ​ഗ്രസ് പ്രവർത്തിക്കുകയെന്നും കോടിയേരിയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പാലാ മാത്രം  ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിൽ വിശദമായി പഠിച്ച ശേഷം മാത്രം പ്രതികരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന യുഡിഎഫ് യോ​ഗത്തിൽ പി ജെ ജോസഫും ജോസ് കെ മാണിയും പങ്കെടുക്കും. പ്രായോഗികമായ തീരുമാനം അവർ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ശശി തരൂർ എംപിയുടെ മോദി അനുകൂല പ്രസ്താവന ദൗർഭാഗ്യകരമാണ്. ഇക്കാര്യത്തെ പറ്റി തരൂരിനോട് ചോദിക്കുമെന്നും ഇത്തരം ഒരു പ്രസ്താവന തരൂർ നടത്താൻ പാടില്ലായിരുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം പാലാ ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമെന്ന് കോടിയേരി  ബാലകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ വോട്ടിന്‍റെ ശതമാനത്തിലാണ് ഇടതുപക്ഷ മുന്നണി പരാജയപ്പെട്ടതെന്നും ശുഭപ്രതീക്ഷയോടെ തന്നെ പാലായില്‍ മത്സരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. എന്നാൽ പാലായില്‍ മാത്രമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ദുരുദ്ദേശമാണെന്നും കോടിയേരി പറഞ്ഞു

പാലാ നിയോജകമണ്ഡലത്തില്‍ സെപ്തംബര്‍ 23-നാണ് വോട്ടെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലേക്ക് ഉപതെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൂട്ടത്തിലാണ് പാലായില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കോട്ടയം ജില്ലയില്‍ തെര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 23-ന് വോട്ടെടുപ്പ് കഴിഞ്ഞ് സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 

Follow Us:
Download App:
  • android
  • ios