ഇല്ലാത്ത ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ പേരില്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പോരാട്ടത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

തിരുവനന്തപുരം: കഷ്ടപ്പെട്ട് പഠിച്ച് പിഎസ്സ്‌സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച റാങ്ക് ഹോള്‍ഡേഴ്‌സിനെ കലാപകാരികളായി ചിത്രീകരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ക്രൂരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാലമായി സമരം നടത്തുന്ന പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇല്ലാത്ത ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ പേരില്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പോരാട്ടത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. ന്യായമായ ആവശ്യം ഉന്നയിച്ച് നീതിക്കായി പോരാടുന്ന റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രശ്‌നം ഇനിയും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം .ഇവരുടെ സമരം നീട്ടിക്കൊണ്ടു പോകുന്നതിന് പകരം പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി തയ്യാറാകണം

അര്‍ഹതയുള്ളവര്‍ക്കാണ് ഈ സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നത്. എന്നാല്‍ അനര്‍ഹരായവര്‍ക്ക് പിന്‍വാതില്‍ വഴി സര്‍ക്കാര്‍ ജോലി നല്‍കുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ സര്‍ക്കാര്‍ നടത്തിയ എല്ലാ അനര്‍ഹമായ നിയമനങ്ങളും റദ്ദാക്കും. അവകാശങ്ങള്‍ക്കും നീതിനിഷേധത്തിനും എതിരായി പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പോരാട്ട സമരത്തിനാണ് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. മറിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 
കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥും കെപിസിസി പ്രസിഡന്റിനൊപ്പം സമരപന്തല്‍ സന്ദര്‍ശിച്ചു