മുഖ്യമന്ത്രിക്കും ധാർമ്മികത ബാധകമാണ്. ആ സത്യസന്ധത അദ്ദേഹം കാണിക്കണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. 

തിരുവനന്തപുരം: കെ ടി ജലീലിന്റെ രാജി ധാർമ്മികതയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും രാജി വെക്കാനുള്ള ബാധ്യത ഉണ്ടെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കും ധാർമ്മികത ബാധകമാണ്. ആ സത്യസന്ധത അദ്ദേഹം കാണിക്കണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. 

ഒരു മന്ത്രി ഇത്ര അധഃപതിക്കാമോ. മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ധാർമിക ബാധ്യത ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ജലീലിന്റെ രാജി ഒരു ധാർമ്മികതയുടെയും പുറത്തല്ല എന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. ജലീലിന്റെ രാജി നിൽക്കക്കള്ളി ഇല്ലാതെ വന്നപ്പോൾ സംഭവിച്ചതാണ്. അല്ലെങ്കിൽ എന്തിനാണ് സ്റ്റേ വാങ്ങാൻ ശ്രമിച്ചത്. ഇത് ധാർമികത അല്ല. എന്തിനാണ് സിപിഎം മൂന്ന് ദിവസം കാത്തിരുന്നത്?ഈ ധാർമികത കളവാണ്. പൊതുജന അഭിപ്രായം സർക്കാരിന് എതിരായി. ഈ സർക്കാർ നിയോഗിച്ച ലോകായുക്ത ആണ് തീരുമാനം എടുത്തത്. ഒരു ​ഗതിയും ഇല്ലാതായപ്പോൾ പാർട്ടിക്ക് രാജി വെപ്പിക്കേണ്ടി വന്നു. ജലീലിനെ രക്ഷിക്കാൻ ആദ്യം മുതൽ സിപിഎം ശ്രമിച്ചു. കെ കരുണാകരൻ, കെ.പി വിശ്വനാഥൻ, കെ.കെ രാമചന്ദ്രൻ മാസ്റ്റർ എന്നിവരെല്ലാം ധാർമികത ഉയർത്തിയാണ് രാജി വെച്ചത്. ജലീൽ ക്രിമിനൽ പ്രോസികയുഷൻ നടപടി നേരിടണം. അർദ്ധ മനസോടെയാണ് രാജി നൽകിയത് എന്നാണ് ജലീൽ പറയുന്നത്. ഫയലിൽ ഒപ്പുവെച്ച മുഖ്യമന്ത്രിക്കും മറുപടി പറയാൻ ബാധ്യത ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.