തിരുവനന്തപുരം: പ്രതിപക്ഷം കൊണ്ടുവന്ന അഴിമതിയാരോപണങ്ങൾക്കും അവിശ്വാസ പ്രമേയത്തിനും മറുപടിയായി സമയംകൊല്ലി പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ . അറുബോറൻ പ്രസംഗം നടത്തിയെന്നല്ലാതെ ഒരു കാര്യത്തിന് പോലും മറുപടി പറയാനും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. 

അങ്ങേയറ്റം അവസരവാദപരമായ സമീപനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊതുവായി എടുക്കുന്നത്. ലക്ഷ്യം താൽകാലിക നേട്ടങ്ങൾ മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ജോസ് കെ മാണിയുടെ നിലപാട് സംബന്ധിച്ച് വിശദമായ ചര്‍ച്ച മൂന്നിന് യുഡിഎഫ് യോഗത്തിലുണ്ടാകുമെന്നും മുല്ലപ്പള്ളി അറിയിച്ചു.  

ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് കത്തെഴുതിയ ശശിതരൂര്‍ എംപിയുടെ നിലപാട് ഇനി പറഞ്ഞ് വഷളാക്കാനില്ലെന്നും കെപിസിസി പ്രഡിഡന്‍റ് പറഞ്ഞു. ശശി തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയ കൊടിക്കുന്നിൽ സുരേഷിന്‍റെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ കൊടിക്കുന്നിൽ കഠിനാധ്വാനിയായ കോൺഗ്രസുകാരനാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.