മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികൾ  അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ ഇന്ന് എഴുതി നൽകി

ദില്ലി: ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിയമ പ്രകാരമുള്ള അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറുമെന്നും സൂചന നൽകി സുപ്രീംകോടതി. ഇതിനായി കേന്ദ്രസർക്കാരിന് നിർദേശം നൽകുമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്. അണക്കെട്ടിന്റെ ദൃഢത, ഘടന സംബന്ധിച്ച കാര്യങ്ങൾ ആയതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമെന്നും സുപ്രീംകോടതി

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഡാംസുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സർക്കാരാണ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അണക്കെട്ടുകളുടെ സുരക്ഷ ദേശീയ ഡാം സുരക്ഷ അതോറിട്ടിയുടെ ചുമതല ആണെന്നാണ് കേന്ദ്ര സർക്കാർ വാദം. അതിനാൽ അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പെടെയുള്ളവ അതോറിറ്റി പരിശോധിക്കുമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

കേന്ദ്രത്തിന്റെ നിലപാടിനെ തമിഴ്നാട് സുപ്രീം കോടതിയിൽ പിന്തുണച്ചിട്ടുണ്ട്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികൾ അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ ഇന്ന് എഴുതി നൽകി. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, അഭയ് എസ് ഓക, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുല്ലപ്പെരിയാർ ഹർജികൾ പരിഗണിക്കുന്നത്.

അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം വാദത്തിനിടെ ചൂണ്ടിക്കാട്ടിയ കേന്ദ്രം, സുരക്ഷ പരിശോധനയിലെ കാലതാമസത്തിലും അതൃപ്തിയറിയിച്ചിരുന്നു. ചില വിഷയങ്ങളില്‍ ഇനിയും സമാവയത്തിലെത്തിയിട്ടില്ലെന്ന് കേരളവും തമിഴ്നാടും കോടതിയെ അറിയിച്ചു. അണക്കെട്ടിന്‍റെ നിയന്ത്രണാധികാരം മേല്‍നോട്ട സമിതിക്ക് നല്‍കാനാവില്ലെന്ന നിലപാട് തമിഴ്നാട് ആവര്‍ത്തിച്ചു.

അണക്കെട്ടിന്‍റെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് കേരളം ചൂണ്ടിക്കാട്ടി. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളില്‍ മേല്‍നോട്ട സമിതിക്ക് ഇടപെടാമെന്ന തമിഴ്നാടിന്‍റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കേരളം വ്യക്തമാക്കി. അന്താരാഷ്ട്ര വിദഗ്ധരെ കൊണ്ട് അണക്കെട്ട് പരിശോധിപ്പിക്കണമെന്ന കേരളത്തിന്‍റെ നിലപാട് തമിഴ് നാടും അംഗീകരിച്ചില്ല. എന്നാല്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി മേല്‍ നോട്ട സമിതിയുടെ അംഗസംഖ്യ മൂന്നില്‍ നിന്ന് അഞ്ചാക്കാമെന്ന നിര്‍ദ്ദേശത്തെ ഇരു സംസ്ഥാനങ്ങളും പിന്തുണച്ചു.