ഇടുക്കി: ഷട്ടർ പ്രവർത്തന മാർഗരേഖ ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് തമിഴ്നാടിനോട് മുല്ലപ്പെരിയാർ മേൽനോട്ട സമിതി. ഇല്ലെങ്കിൽ കേന്ദ്രജലകമ്മീഷൻ നേരിട്ടെത്തി മാർഗരേഖയുണ്ടാക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി. 

അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോൾ സ്പിൽ വേ ഷട്ടറുകൾ എത്ര അടി ഉയർത്തണമെന്നതടക്കമുള്ള മാർഗരേഖയാണ് ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ. ഇത് സമർപ്പിക്കണമെന്ന് കേരളം വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പലവിധ കാരണങ്ങൾ പറഞ്ഞ് തമിഴ്നാട് വൈകിപ്പിക്കുകയായിരുന്നു. യോഗത്തിൽ കേരളം കർശന നിലപാടെടുത്തതോടെയാണ് മേൽനോട്ട സമിതി തമിഴ്നാടിന് അന്ത്യശാസനം നൽകി. ഒരുമാസത്തിനകം മാർഗരേഖ സമർപ്പിച്ചില്ലെങ്കിൽ കേന്ദ്രജലകമ്മീഷൻ നേരിട്ട് മാർഗരേഖ ഉണ്ടാക്കും.

മഴക്കാലത്തിന് മുന്നോടിയായുളള ഒരുക്കങ്ങൾ വിലയിരുത്താനാണ് മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ടിലെത്തിയത്. ബേബി ഡാം,സ്പിൽവേ ഷട്ടറുകൾ എന്നിവ സംഘം പരിശോധിച്ചു. എല്ലാം കാര്യക്ഷമമാണെന്നാണ് വിലയിരുത്തൽ. പ്രളയത്തിൽ തകർന്ന വള്ളക്കടവ് റോഡ് നന്നാക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കേരളത്തിന്റെ മറുപടി.